തൃപ്പൂണിത്തുറ: ചലച്ചിത്ര സംഗീത സംവിധായകൻ എം.കെ. അർജുനന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗായകൻ കൊച്ചിൻ മൻസൂർ മൂന്നു മണിക്കൂർ നേരം ഇടതടവില്ലാതെ ഗാനമാലപിച്ച് സദസിനെ പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നസീർ പാടിയഭിനയിച്ച ഗാനങ്ങൾ അതേപടി രംഗത്തവതരിപ്പിച്ച് മൻസൂർ കാണികളെ കൈയിലെടുത്തു.
കൂത്തമ്പലം ഓഡിറ്റോറിയത്തിൽ വാടാമലർ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പിച്ച അർജുനഗീതങ്ങൾ എന്ന പരിപാടിയിലാണ് മൻസൂർ ഗാനം ആലപിച്ചത്. എം.കെ. അർജുനന്റെ പുത്രനും സംഗീതസംവിധായകനുമായ അശോകൻ ഉദ്ഘാടനം ചെയ്തു. ഷംസു യാക്കോബ് അദ്ധ്യക്ഷത വഹിച്ചു. രവി മേനോൻ മുഖ്യാതിഥിയായിരുന്നു. എം. സ്വരാജ് എം.എൽ.എ, ടി.ബി. നൗഷാദ്, കെ.കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.