water
ആലുവ ജില്ലാ ആശുപത്രിയിലെ കുടിവെള്ള പദ്ധതിക്കായി തറകെട്ടിയ ഭാഗം കാടുപിടിച്ച് കിടക്കുന്നു.

ആലുവ: ജില്ലാ ആശുപത്രിയിലെ കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പാതിവഴിയിൽ മുടങ്ങി. മോട്ടോർ സ്ഥാപിച്ച് കിണറിൽനിന്ന് വെള്ളം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണ് തറകെട്ടിയശേഷം മുടങ്ങിയത്.

ആലുവയിൽ പമ്പിംഗ് നിന്നാൽ ജലക്ഷാമം നേരിടുമെന്നതിനാലാണ് സ്വയംപര്യാപ്തമാകാൻ ആശുപത്രിക്കായി ഒന്നരലക്ഷം രൂപ അനുവദിച്ചത്. കിണറിനരികിൽ തറക്കെട്ടി മോട്ടോർ സ്ഥാപിച്ച് പൈപ്പുകൾ വലിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പുതിയ ഭരണസമിതി ചുമതലയേറ്റപ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. എന്തെങ്കിലും കാരണത്താൽ ആലുവ പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങുമ്പോഴാണ് ജില്ലാ ആശുപത്രിയിലുള്ളവർ ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞദിവസം വെള്ളം മുന്നറിയിപ്പില്ലാതെ നിന്നപ്പോൾ അടിയന്തരമായി ടാങ്ക ലോറിയിൽ വെള്ളമെത്തിച്ചാണ് ആശുപത്രിയിലെ വിവിധാവശ്യങ്ങൾ നിറവേറ്റിയത്.

ഗർഭിണികളടക്കം നൂറുകണക്കിന് രോഗികളാണ് ഏറെ കഷ്ടപ്പെടുന്നത്. ദിവസേന ഓപ്പറേഷനുകളും ഇവിടെ നടക്കുന്നുണ്ട്. അടുത്തദിവസം മുതൽ കൊവിഡ് ചികിത്സാകേന്ദ്രംകൂടി പ്രവർത്തനക്ഷമമാകുമ്പോൾ വെള്ളത്തിൻെറ ആവശ്യം ഇരട്ടിയാകും. ഇതെങ്ങനെ തരണം ചെയ്യാനാകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ.