വൈപ്പിൻ: എറണാകുളം ജില്ലയിലെ പൊക്കാളി പാടശേഖരങ്ങളിലെ കെട്ടുകലക്കൽ എല്ലാവർഷവും വിഷുപ്പിറ്റേന്ന് മുതലാണ് നടക്കാറുള്ളത്. 15 മുതലാണ് കെട്ടുകലക്കൽ തുടങ്ങേണ്ടത്. വൈപ്പിൻകരയിൽ മാത്രം 600 ഏക്കർ പൊക്കാളി പാടശേഖരങ്ങളാണുള്ളത്. ഇവയിൽ പകുതിയിലേറെ പാടത്തും പൊക്കാളിക്കൃഷി നടക്കുന്നുണ്ട്.
ആറുമാസം പൊക്കാളിക്കൃഷി, തുടർന്നുള്ള ആറുമാസം ചെമ്മീൻ, മത്സ്യക്കൃഷി എന്നതാണ് പൊക്കാളിപ്പാടങ്ങളിലെ നാട്ടുനടപ്പും ഇപ്പോൾ സർക്കാർ നിയമവും. ചെമ്മീൻകൃഷിയുടെ കാലാവധി വിഷുദിനത്തിൽ അവസാനിക്കും. ആറുമാസം കെട്ട് ഉടമകൾക്കോ അവരിൽനിന്ന് പാട്ടത്തിനെടുത്തവർക്കോ മാത്രമാണ് കെട്ടുകളിൽനിന്ന് മീനും ചെമ്മീനും പിടിക്കുവാൻ അധികാരമുള്ളത്. ഈ അധികാരമാണ് വിഷുവിന് അവസാനിക്കുന്നത്. പിറ്റേന്ന് മുതൽ ആർക്കും കെട്ടുകളിലെത്തി മീനും ചെമ്മീനും കോരിയെടുക്കാം. ഇതിനെയാണ് കെട്ടുകലക്കലെന്ന് വിളിച്ചുവരുന്നത്.
കെട്ടുകലക്കൽ ഒഴിവാക്കണമെന്ന്
എന്നാൽ ഈ വർഷം പതിവുപോലെയുള്ള കലക്കൽ ഇപ്പോൾ നടത്താനാവില്ലെന്നാണ് ഉടമകളുടേയും ഏറ്റെടുത്ത് നടത്തുന്നവരുടേയും നിലപാട്. കാലാവസ്ഥാ വ്യതിയാനത്താൽ ഉത്പാദനം കുറവായിരുന്നുവെന്നും കൊവിഡ് മൂലം മീനിനും ചെമ്മീനിനും വേണ്ടത്ര വില കിട്ടിയിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തങ്ങൾക്ക് കനത്ത നഷ്ടമാണ് ഈ സീസണിൽ സംഭവിച്ചതെന്നും അതിനാൽ കലക്കൽ ഒഴിവാക്കണമെന്നുമാണ് ഇവരുടെ നിലപാട്.
എന്നാൽ കെട്ടുകലക്കലിന് തയ്യാറെടുക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഈ വാദഗതി തള്ളുന്നു. ചെമ്മീൻകെട്ട് നഷ്ടത്തിലാണെന്നത് കെട്ട് ഉടമകളുടേയും നടത്തിപ്പുകാരുടേയും സ്ഥിരം പല്ലവിയാണെന്നും പൊക്കാളിക്കൃഷിയിൽനിന്ന് ഒഴിവാക്കാനുള്ള തന്ത്രമാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
നിയമലംഘനം അനുവദിക്കില്ല
ആറുമാസം പൊക്കാളി, ആറ് മാസം ചെമ്മീൻകൃഷി എന്നതാണ് സർക്കാർ നിയമമെന്നും ഇത് ലംഘിക്കാൻ ആരെയും അനുവദിക്കില്ല. ഏപ്രിൽ15 നും25 നും ഇടയിൽ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് തീരുമാനമുണ്ട്. പൊക്കാളി കൃഷി നടത്തുന്നതിന് സർക്കാരിൽനിന്ന് സഹായം കൈപ്പറ്റിയതിനുശേഷം കൃഷിയിറക്കാതെ ചെമ്മീൻ കെട്ടിൽ മാത്രം താത്പര്യമെടുക്കുന്നത് അനുവദിക്കാനാവില്ല.
അരവിന്ദാക്ഷൻ, കേരളസ്റ്റേറ്റ് കർഷകത്തൊഴിലാളി
യൂണിയൻ വൈപ്പിൻ ഏരിയാ പ്രസിഡന്റ് .
ഉത്കണ്ഠയിൽ നാട്ടുകാർ
കെട്ടുകലക്കൽ വഴി നാട്ടിലെ മാർക്കറ്റുകളിൽ ധാരാളം മത്സ്യം എത്താറുണ്ട്. കെട്ടുകളിലെ മീനിന് രുചിയേറുമെന്നതിനാലും വില താരതമ്യേന കുറവാകുന്നതിനാലും കെട്ടിലെ മീൻ പ്രതീക്ഷിച്ച് നാട്ടുകാർ മാർക്കറ്റുകളിലെത്താറുണ്ട്. ഈ പതിവിന് ഇത്തവണ തടസമുണ്ടാകുമോ എന്നാണ് നാട്ടുകാരുടെ ഉത്ക്കണ്‌ഠ.