കൊച്ചി: സംസ്ഥാനത്ത് കൊവിഡ് കണക്കിൽ മുൻപന്തിയിൽ എത്തിയിട്ടും നിയന്ത്രണങ്ങൾ വകവയ്ക്കാതെ നഗരവാസികൾ. വിഷു തിരക്കുകൂടിയായപ്പോൾ ഇനിയും രോഗബാധ വർദ്ധിക്കാനാണ് സാദ്ധ്യത.
എറണാകുളം മാർക്കറ്രിലും ബ്രോഡ്‌വേയിലും മറൈൻഡ്രൈവിലുമൊക്കെ ഇപ്പോൾ തന്നെ നല്ല തിരക്കാണ്. കഴിഞ്ഞ ക്രിസ്‌മസ്, ന്യൂ ഇയർ വേളയിൽ ഉണ്ടായ തിരക്ക് ആരോഗ്യവകുപ്പിനെ അങ്കലാപ്പിലാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ചൂടിൽ ജനം കൊവിഡ് ഭീതിയില്ലാതെ ഓടിനടന്നതിന്റെ ഫലമാണ് ഉയർന്നുപൊങ്ങുന്ന കൊവിഡ് കണക്കുകൾ. കുട്ടികളെ മാസ്‌കിട്ടു നടത്തുന്നതിൽ മുതിർന്നവർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. മാർക്കറ്റുകളിലും ഭക്ഷണശാലകളിലും ബസ് സ്റ്റാൻഡിലുമെല്ലാം ആളുകൾ നിയന്ത്രണമൊന്നുമില്ലാതെ കൂട്ടംകൂടി നിൽക്കുകയാണ്. വട്ടംവരച്ച് ദൂരമളന്ന് നിന്ന ക്യൂവെല്ലാം ആരുടെയും ഓർമയിൽ പോലുമില്ല. മെട്രോയിലും സ്ഥിതി വ്യത്യസ്ഥമല്ല. സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുമ്പോളും ജനങ്ങൾ അത് ഗൗനിക്കുന്നില്ല. എറണാകുളം ബസ് സ്റ്റാൻഡ്, കലൂർ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ ബസുകളിലേക്ക് ആളുകൾ ഒരു സാമൂഹ്യഅകലവും പാലിക്കാതെയാണ് ഇടിച്ചുകയറുന്നത്. രാവിലെയും വൈകിട്ടും ഹൈക്കോർട്ട് ജംഗ്ഷനിലും ഇതേ കാഴ്ച തന്നെയാണ്.

 മറക്കരുത് പ്രതിരോധം

വാക്‌സിനേഷൻ ഉൗർജിതമായതോടെ ആ പേരിലും ജനങ്ങൾ പ്രതിരോധം മറന്നമട്ടാണ്.

ഇനിയുള്ള ദിവസങ്ങൾ ഏറെ നിർണായകമാണെന്നിരിക്കെ ജനങ്ങൾ എല്ലാ സുരക്ഷാമാർഗങ്ങളും പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം.

നിർദേശങ്ങൾ അനുസരിക്കണം

വിഷുവും മറ്റ് ഉത്സവങ്ങളും എല്ലാവർഷവും വരും. എന്നാൽ അത് ആഘോഷിക്കാൻ നമ്മുടെ ആരോഗ്യവും ജീവനുംവേണം. അക്കാര്യം മനസ്സിലാക്കി വേണം പ്രവർത്തിക്കാൻ. തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾ നിയന്ത്രണങ്ങൾ മറന്നമട്ടാണ്. അതുപാടില്ല. ഇന്ന് കോർകമ്മിറ്റി മീറ്റിംഗ് ഉണ്ട്. അതിൽ സർക്കാർ വേണ്ടനിർദേശങ്ങൾ നൽകും. അവ അനുസരിക്കാൻ തയാറാകണം. എല്ലാക്കാര്യങ്ങളും അറിയാമെങ്കിലും ആരും അനുസരിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം

ഡോ.എം.എ. കുട്ടപ്പൻ ഡി.എം.ഒ