കൊച്ചി: താത്കാലികമായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ നിഷ്ഫലമെന്ന് തെളിയിച്ച് എളംകുളത്തെ മരണവളവിൽ വീണ്ടും അപകടം. ഇവിടത്തെ 825-ാം നമ്പർ മെട്രോ തൂണിലിടിച്ച് സ്കൂട്ടർ മറിഞ്ഞ് പൊന്നുരുന്നി സ്വദേശി രതീഷ് കുമാറിന് (41) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഗിരീഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ട്രാഫിക് പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇവിടെ ബോധവത്കരണവും അമിതവേഗം കുറയ്ക്കാൻ സ്പീഡ് ബാരിയറുകളും സ്ഥാപിച്ചിരുന്നു. ഇതിനെ തുടർന്ന് ഒരു മാസത്തോളം മേഖലയിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. സുരക്ഷമാർഗങ്ങൾ ഫലം ചെയ്യുന്നുണ്ടെന്ന പ്രതീക്ഷയിൽ നിലനിൽക്കെയാണ് ഇന്നലെ വീണ്ടും അപകടമുണ്ടായത്.

മാർച്ച് മൂന്നിനാണ് എളംകുളത്തെ വളവിൽ ഒടുവിൽ അപകടമുണ്ടായത്. കരിങ്കുന്നം മൊടക്കൽവീട്ടിൽ അനിൽ സത്യനാണ്(21) അന്ന് മരിച്ചത്. ഇതിനു ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്തുണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു.

റിപ്പോർട്ട് കാത്ത് പൊലീസ്

എളംകുളത്തെ മരണവളവിലെ അപകടങ്ങളെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്ക് ) പഠനം നടത്തിയെങ്കിലും ഇതുസംബന്ധിച്ച റിപ്പോർട്ട് ഇതുവരെ ട്രോഫിക് പൊലീസിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ കൈമാറിയിട്ടില്ല.പാതയിൽ അപകടങ്ങൾ തുടർക്കഥയായതോടെ മാർച്ച് 5നാണ് നാറ്റ്പാക്ക് പ്രതിനിധി പരിശോധന നടത്തിയത്. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചകം റോഡ് സേഫ്റ്റി അതോറിട്ടിക്കും ട്രാഫിക് പൊലീസിനും കൈമാറുമെന്നാണ് അറിയിച്ചത്. എന്നാൽ അതുണ്ടായില്ല.എളംകുളത്തെ വളവിൽ അപടമുണ്ടാകാൻ കാരണം അമിത വേഗവും കാഴ്ച മറയുന്നതുമാണെന്നാണ് നാറ്റ്പാക്ക് കണ്ടെത്തൽ. എളംകുളത്തെ റോഡിന്റെ പ്ലാനും മറ്റു രേഖകളും ഇതുവരെ നാറ്റ്പാക്കിന് ലഭിച്ചിട്ടില്ല. ബന്ധപ്പെട്ട വകുപ്പിനെ നാറ്റ്പാക്ക് പലതവണ സമീപിച്ചെങ്കിലും നൽകാമെന്ന് മാത്രമാണ് അറിയിച്ചത്. ഇതാണ് റിപ്പോർട്ട് വൈകാൻ കാരണമെന്നാണ് സൂചന. എട്ട് മാസത്തിനിടെ 15 പേരുടെ ജീവനാണ് എളംകുളത്തെ വളവിൽ പൊലിഞ്ഞത്.

എളംകുളത്തെ അപകടം അമിതവേഗത മൂലമല്ല. സ്ഥലത്തെത്തി ഇക്കാര്യം പരിശോധിച്ചിരുന്നു. നാറ്റ്പാക്കിന്റെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ വേഗത്തിലാക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. വൈകാതെ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അസി.കമ്മിഷണർ

ട്രാഫിക്

എറണാകുളം വെസ്റ്ര്