മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ കുളിക്കവേ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിച്ച് കരയ്ക്കു കയറ്റുന്നതിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു. കായനാട് എടാട്ട് ഷിബു പോൾ (തങ്കൻ - 53) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് മൂവാറ്റുപുഴയാറിലെ കായനാട് പാറത്തോട്ടത്തിൽ കടവിലാണ് സംഭവം. മകൻ, ബന്ധുക്കളായ കുട്ടികൾ എന്നിവർക്കൊപ്പം ഷിബുവും പുഴയിൽ കുളിയ്ക്കാനിറങ്ങിയതായിരുന്നു.
ഇതിനിടെ ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ രക്ഷിച്ച് കരയിൽ എത്തിച്ചപ്പോഴേക്കും ഷിബു കുഴഞ്ഞു വീണു. കുട്ടികൾ അറിയിച്ചതനുസരിച്ച് പരിസരവാസികളെത്തി കോലഞ്ചേരി മെഡിയ്ക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്‌കാരം ഇന്ന് വൈകിട്ട് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ. കോലഞ്ചേരി കടയിരിപ്പ് അഗാപ്പേ കമ്പനി ജീവനക്കാരനാണ്. പരേതനായ പൗലോസിന്റേയും മറിയക്കുട്ടിയടേയും മകനാണ്. ഭാര്യ: പ്രെറ്റി. മക്കൾ: മെറിൻ (ബിസിഎം കോളേജ്,കോട്ടയം), ജോൺ എസ്. പോൾ (നിർമ്മല പബ്ലിക് സ്‌കൂൾ, മൂവാറ്റുപുഴ)