കൊച്ചി: കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും ഏർപ്പെടുന്ന അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വാക്സിനേഷൻ നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാലിന് നൽകിയ നിവേദനത്തിൽ നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ ആവശ്യപ്പെട്ടു.
മേയ് നാലിന് ആരംഭിച്ച് ജൂൺ പകുതിയോടെയാണ് പരീക്ഷകൾ സമാപിക്കുക. പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ചു. 45 വയസിൽ താഴെയുള്ളവരാണ് ഭൂരിപക്ഷം അദ്ധ്യാപകരും. സി.ബി.എസ്.ഇ നിർദേശങ്ങൾ പ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താൻ തയ്യാറെടുപ്പുകൾ പൂർത്തിയായി. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്ക പരിഹരിക്കാൻ ഗുണകരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.