movie

കൊച്ചി: കൊവിഡ് രണ്ടാം വരവിന്റെ ആശങ്കയിലും ഉത്സവകാലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സിനിമാമേഖല. സെക്കൻഡ് ഷോ പുനരാരംഭിച്ചതോടെ പ്രേക്ഷകർ വർദ്ധിച്ചതിന്റെ ബലത്തിൽ മൂന്നു മലയാളം വിഷു ചിത്രങ്ങൾ തിയേറ്ററുകളിലെത്തി. റംസാൻ കാലത്തും കൂടുതൽ സിനിമകൾ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കളും തിയേറ്ററുടമകളും.

തിയേറ്ററുകളിലേക്ക് കുടുംബങ്ങൾ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സിനിമകൾ റിലീസ് ചെയ്യുന്നത്. വിഷു പ്രമാണിച്ച് ചതുർമുഖം, നായാട്ട്, നിഴൽ എന്നീ മലയാള ചിത്രങ്ങളും തമിഴ് ചിത്രമായ കർണനും റിലീസ് ചെയ്തു. മഞ്ജുവാര്യർ നായികയായ ചതുർമുഖം ഉൾപ്പെടെയുള്ള സിനിമകൾക്ക് ഭേദപ്പെട്ട പ്രതികരണമാണെന്ന് തിയേറ്ററുടമകൾ പറഞ്ഞു. മുമ്പ് റിലീസ് ചെയ്ത വൺ, പ്രീസ്റ്റ്, കള, അനുഗ്രഹീതൻ ആന്റണി, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളും തിയേറ്ററുകളിലുണ്ട്.
ഒരു സ്ഥലത്ത് പരമാവധി തിയേറ്ററുകളിൽ റിലീസ് ചെയ്ത് കഴിയുന്നത്ര വരുമാനം നേടാനാണ് ശ്രമിക്കുന്നതെന്ന് നിർമാതാക്കൾ പറഞ്ഞു. ആദ്യത്തെ ഒരാഴ്ചയേ ഭേദപ്പെട്ട കളക്ഷൻ ലഭിക്കൂ. ഈ രീതി തിയേറ്ററുടമകളുടെ വരുമാനം കുറയ്ക്കുമെങ്കിലും നിർമാതാക്കൾക്ക് നേട്ടമാണ്.ഈ മാസം പകുതിയോടെ റംസാൻ നോമ്പ് ആരംഭിക്കും. മലബാർ മേഖലയിലെ തിയേറ്ററുകൾ ഭൂരിപക്ഷവും ഇക്കാലത്ത് അടച്ചിടും. നോമ്പിന് ശേഷം കൂടുതൽ പ്രേക്ഷകർ തിയേറ്ററിലെത്തുന്ന പതിവുണ്ട്.

റിലീസിംഗിനായി കാത്തിരിക്കുന്നത് 50 ലേറെ സിനിമകൾ

കൊവിഡ് കാലത്തും മുൻപും ചിത്രീകരിച്ച 50 ലേറെ സിനിമകൾ റിലീസിംഗ് കാത്തിരിക്കുകയാണ്. കൊവിഡ് രണ്ടാം വരവ് പ്രശ്നങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ റംസാൻ കാലത്ത് കൂടുതൽ സിനിമകൾ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളും വിതരണക്കാരും പറഞ്ഞു.

സെക്കൻഡ് ഷോ വീണ്ടും ആരംഭിച്ചതോടെ തിയേറ്ററുകളിൽ കുടുംബസമേതം എത്തുന്നവർ വർദ്ധിച്ചു.വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഫസ്റ്റ്, സെക്കൻഡ് ഷോകൾക്കാണ് തിരക്ക് കൂടുതൽ.

ബി.ആർ. ജേക്കബ്,

ജനറൽ സെക്രട്ടറി,

കേരള ഫിലിം ചേംബർ