കൊച്ചി: ബന്ധു നിയമനത്തിലൂടെ അധികാര ദുർവിനിയോഗം നടത്തിയതിനാൽ തന്നെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന ലോകായുക്തയുടെ വിധിക്കെതിരെ ഡോ. കെ.ടി. ജലീൽ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. മദ്ധ്യവേനലവധി തുടങ്ങിയതിനാൽ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലോകായുക്തയുടെ വിധിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.
മന്ത്രി കെ.ടി. ജലീൽ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ എടപ്പാൾ സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിൽ ഏപ്രിൽ ഒമ്പതിനാണ് ലോകായുക്ത വിധി പറഞ്ഞത്. മന്ത്രി ജലീലിന്റെ നടപടി അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് വിലയിരുത്തിയാണ് മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കണമെന്ന് സർക്കാരിന് ലോകായുക്ത ശുപാർശ നൽകിയത്.
എന്നാൽ, പരാതി നിലനിൽക്കുമോയെന്ന് പരിശോധിച്ചില്ലെന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് വിധി പറഞ്ഞതെന്നും ജലീലിന്റെ ഹർജിയിൽ ആരോപിക്കുന്നു. പ്രാഥമികാന്വേഷണമോ റഗുലർ അന്വേഷണമോ നടത്താതെയാണ് വിധി പറഞ്ഞത്. വാക്കാലുള്ള വാദം മാത്രമാണ് ലോകായുക്ത പരിഗണിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനവും യോഗ്യതാനിർണയവും ലോകായുക്ത നിയമത്തിന് പുറത്തുള്ള വിഷയമാണ്. അദീബിനെ നിയമിക്കാൻ തസ്തികയുടെ അടിസ്ഥാന യോഗ്യതയിൽ മാറ്റം വരുത്തിയെന്ന കണ്ടെത്തൽ ശരിയല്ല. യോഗ്യത പുതുക്കിനിശ്ചയിച്ച് രണ്ടു വർഷം കഴിഞ്ഞാണ് അദീബിനെ നിയമിച്ചത്. യോഗ്യത പുതുക്കി നിശ്ചയിച്ചപ്പോൾ അധികയോഗ്യതയായി ബി.ടെക് വിത്ത് പി.ജി.ഡി.ബി.എയോ എം.ബി.എയോ (എച്ച്.ആർ) വേണമെന്നാണ് പറഞ്ഞിരുന്നത്. നിയമനം നടത്തിയത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്. യോഗ്യത പുനർനിർണയിക്കണമെന്ന് ഫയലിൽ രേഖപ്പെടുത്തിയത് അധികാരദുർവിനിയോഗമല്ല. നിലവിലുള്ള യോഗ്യതയ്ക്കൊപ്പമാണ് അധിക യോഗ്യത ചേർത്തത്. നിയമനത്തിൽ പങ്കില്ല. ബന്ധുനിയമനമെന്ന പരാതി ഹൈക്കോടതിയും ഗവർണറും നേരത്തെ പരിഗണിച്ച് തള്ളിയതാണ്. വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല ലോകായുക്ത വിധിപറഞ്ഞത്. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്ത് ലോകായുക്തയുടെ വിധി റദ്ദാക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം.
നടപടിക്രമങ്ങൾ പാലിക്കാതെ ലോകായുക്ത വിധി പറഞ്ഞത് നിയമപരമല്ലെന്ന് പ്രഖ്യാപിക്കണം, മന്ത്രിയുടെ നടപടി അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ റദ്ദാക്കണം എന്നിവയാണ് മറ്റാവശ്യങ്ങൾ.
മന്ത്രി ജലീലിനെതിരെ ലോകായുക്ത
ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി
പി.എച്ച്. സനൽകുമാർ
₹ഇന്നത്തെ ഹൈക്കോടതി നിലപാട് നിർണായകം
തിരുവനന്തപുരം: ബന്ധു നിയമനവിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ വിധി ലോകായുക്ത രജിസ്ട്രാർ ഇന്നലെ മുഖ്യമന്ത്രിയുടെ ഒാഫീസിന് കൈമാറി.ഇതോടെ, ജലീലിന്റെ രാജിക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കേണ്ട സ്ഥിതിയായി. ഇന്നത്തെ ഹൈക്കോടതി നിലപാടും നിർണായകമാകും.
സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജരായി ബന്ധു കെ.ടി.അദീബിനെ നിയമിക്കാൻ ക്രമവിരുദ്ധമായി ഇടപെട്ടുവെന്ന് തെളിഞ്ഞതിനാൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് നിർദ്ദേശിക്കുന്ന ലോകായുക്ത നിയമം സെക്ഷൻ 14 അനുസരിച്ചുള്ള 80 പേജുള്ള വിധിപ്പകർപ്പാണ് കൈമാറിയത്. മുഖ്യമന്ത്രി കൊവിഡ് ചികിത്സയിലുള്ള മുഖ്യമന്ത്രിയെ വിധിപ്പകർപ്പ് ലഭിച്ചവിവരം അറിയിച്ചെന്നും, തീരുമാനം പിന്നീടുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
സെക്ഷൻ 14അനുസരിച്ചുള്ള ലോകായുക്ത വിധി അടിയന്തരമായി നടപ്പാക്കേണ്ടതാണ്. 12.(3) അനുസരിച്ചുള്ള വിധി നടപ്പാക്കാൻ മൂന്ന് മാസം വരെ സാവകാശമുണ്ട്. സെക്ഷൻ 14 അനുസരിച്ചുളള വിധിയിൻമേൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാവില്ല. അതിനാൽ ഇന്നലെ മന്ത്രി ജലീൽ ഹൈക്കോടതിയിൽ റിട്ട് ഹർജിയാണ് ഫയൽ ചെയ്തത്. കോടതി റിട്ട് സ്വീകരിച്ച് ലോകായുക്ത വിധി സ്റ്റേ ചെയ്താൽ മന്ത്രിക്ക് ഉടൻ രാജി വയ്ക്കേണ്ടിവരില്ല. റിട്ട് സ്വീകരിക്കുകയും സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്താൽ മന്ത്രിക്ക് രാജിയല്ലാതെ മറ്റ് മാർഗമില്ലെന്നാവും. മന്ത്രി രാജി വച്ചാലുമില്ലെങ്കിലും ലോകായുക്ത വിധിക്ക് മന്ത്രിയുടെ നിലവിലെ ഒൗദ്യോഗിക കാലാവധിവരെ മാത്രമാവും പ്രാബല്യമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
ലോകായുക്ത
ഉത്തരവിലുള്ളത്
₹.സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിന്റെ നിയമനത്തിനായി ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ മന്ത്രി ഇടപെട്ട് മാറ്റം വരുത്തിയത് ക്രമവിരുദ്ധം
₹മന്ത്രിപദവി സ്വകാര്യ താത്പര്യത്തിനായി ദുരുപയോഗം ചെയ്തു.
₹.പക്ഷപാതപരമായി പ്രവർത്തിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനവും നടത്തി.
₹ഇതെല്ലാം മന്ത്രി നേരിട്ടു ചെയ്തതിന്റെ തെളിവു ബോദ്ധ്യപ്പെട്ടു.
ജലീലിന്റെ രാജിക്കാര്യം:
ഹൈക്കോടതി തീരുമാനം
വരെ കാക്കാൻ സി.പി.എം
രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത വിധിയെത്തുടർന്ന് മന്ത്രിസ്ഥാനത്ത് നിന്ന് കെ.ടി. ജലീൽ രാജിവയ്ക്കുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനത്തിൽ ഉറ്റുനോക്കി സി.പി.എം. ജലീൽ സ്വയമേവ രാജി വയ്ക്കുന്നതാവും ഉചിതമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഔചിത്യപൂർണമായ തീരുമാനം അദ്ദേഹത്തിൽ നിന്നുണ്ടാവാത്തത് സി.പി.എമ്മിനെ സമ്മർദ്ദത്തിലാക്കുന്നു.
വോട്ടെണ്ണലിന് കഷ്ടിച്ച് രണ്ടാഴ്ച ശേഷിക്കെ, അതിനിടയിൽ ഹൈക്കോടതിയിൽ നിന്ന് ആശ്വാസ തീരുമാനമുണ്ടായാൽ പിടിച്ചുനിൽക്കാനുള്ള അവസരമായി ജലീലിന് അത് മാറിയേക്കാം. എന്നാൽ, വിവാദത്തിരയിളക്കി മന്ത്രിസ്ഥാനത്ത് ജലീൽ കടിച്ചുതൂങ്ങി നിൽക്കുന്നതിനോട് സി.പി.എം നേതൃതലത്തിൽ അമർഷമുയരുന്നുണ്ട്. ഇ.പി. ജയരാജനെതിരെ ബന്ധു നിയമന വിവാദമുയർന്നപ്പോൾ പാർട്ടി നേതൃത്വത്തിലെ സമ്മർദ്ദത്തെത്തുടർന്ന് അദ്ദേഹത്തിന് പെട്ടെന്നുതന്നെ ഒഴിയേണ്ടിവന്നു. ജലീലിന്റെ കാര്യത്തിൽ അത്തരമൊരു സമ്മർദ്ദമുണ്ടാകുന്നില്ലെന്ന ചർച്ചകളും ഉയരുന്നു. എന്നാൽ, ഇ.പി. ജയരാജൻ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജലീൽ പാർട്ടി അംഗമല്ലാത്തതു കൊണ്ടുതന്നെ, പാർട്ടിക്ക് സമ്മർദ്ദം ചെലുത്തുന്നതിൽ പരിമിതിയുണ്ടെന്നാണ് വാദം. സി.പി.എം പ്രതിനിധിയായി മന്ത്രിസ്ഥാനത്ത് തുടരുന്നയാളെ നീക്കാൻ അത്തരം പരിമിതി തടസമാകേണ്ടതില്ലെന്ന മറുവാദവുമുണ്ട്.
മുഖ്യമന്ത്രിയുടെ നിലപാടിലേക്കും പാർട്ടിയാകെ ഉറ്റുനോക്കുന്നു. ലോകായുക്ത വിധിയിന്മേൽ അന്തിമതീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അദ്ദേഹം കൊവിഡ് ബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ജലീലിന്റെ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായിട്ടില്ല. ഹൈക്കോടതി തീരുമാനത്തിനാണ് അദ്ദേഹവും കാക്കുന്നതെന്ന സൂചനയുണ്ട്. ജലീലിന്റെ രാജി വൈകുമ്പോൾ ആരോപണം മുഖ്യമന്ത്രിയിലേക്കും പ്രതിപക്ഷം നീട്ടുന്നത് സി.പി.എമ്മിനെ സമ്മർദ്ദത്തിലാക്കുന്നു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലകളിൽ നിന്നുള്ള വിശകലനക്കണക്കുകളുടെ പരിശോധനയ്ക്കായി 16ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. അതിന് മുമ്പ് ജലീലിന്റെ രാജി സംഭവിക്കുമോയെന്നതാണ് ചോദ്യം. ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം അനുകൂലമായില്ലെങ്കിൽ, സി.പി.എമ്മിനും മന്ത്രിക്കും പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരും. അനുകൂല തീരുമാനമുണ്ടായാൽ ജലീലിന് കൈവരുന്ന ആശ്വാസം ചെറുതാവില്ല. തവനൂരിൽ ജയമുറപ്പായാൽ വീണ്ടും മന്ത്രിസ്ഥാനത്തെത്താൻ ബുദ്ധിമുട്ടുണ്ടാവില്ല.
ജലീൽ വിഷയത്തിൽ സി.പി.എമ്മിനകത്തെ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് പി.ബി അംഗം എം.എ. ബേബിയുടെ പ്രതികരണം. പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടി നിലപാട് വിജയരാഘവനും കോടിയേരിയും അറിയിച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റേത് നിയമ മന്ത്രിയെന്ന നിലയിലുള്ള പ്രതികരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.