night-party

കൊച്ചി: ജില്ലയിൽ നിശാപാർട്ടികൾക്ക് കർശന നിയന്ത്രണം. ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള റേവ് പാർട്ടികൾക്ക് എക്സൈസാണ് കൂച്ചുവിലങ്ങിട്ടിരിക്കുന്നത്.കൊവിഡ് പ്രതിരോധ പ്രവർത്തനത്തോടൊപ്പം ഇത്തരം പരിപാടികളിൽ സിന്തറ്രിക്ക് ലഹരി ഒഴുകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സർക്കാരിന്റെ കൊവിഡ് മാർഗനിർദേശം പാലിച്ച് പരിപാടികൾ നടത്താം. എന്നാൽ ഇതിന് എക്സൈസിന്റെ പ്രത്യേക അനുമതിവേണം. പൊലീസിനെയും ഇക്കാര്യം അറിയിക്കണം. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സഹചര്യത്തിൽ പശ്ചിമകൊച്ചിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി നടന്നത് പൊലീസിനും എക്സൈസിനും ഒരുപോലെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിലാണ് ഇന്നലെ 750 ൽ അധികം പേർ പങ്കെടുത്ത നിശാപാർട്ടി നടന്നത്. ഒരാൾക്ക് രണ്ടായിരം രൂപ ഈടാക്കിയായിരുന്നു പ്രവേശനം അനുവദിച്ചിരിക്കുന്നത്.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിന്തറ്റിക്ക് ഡ്രഗ് മാഫിയയെ ഒതുക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ എട്ടുപേർ പിടിയിലായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് എക്സൈസ് കൊച്ചിയിലെ ആറോളം ആഡംബര ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ലഹരി ഉപയോഗമോ മറ്രോ കണ്ടെത്താനായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഡിഫൻസ് മേഖലയിലെ ഉദ്യോഗസ്ഥരടക്കം പതിവായി നിശാപാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. കസ്റ്റംസിന്റെ സഹകരണത്തോടെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നാല് പേരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്.

തിരിച്ചുവരുന്നു

ഒരിടയ്ക്ക് റേവ് പാർട്ടികളുടെ കേന്ദ്രമായിരുന്നു കൊച്ചി. എന്നാൽ പൊലീസ് പരിശോധനകൾ ശക്തമാക്കിയതോടെ ലഹരിസംഘം തട്ടകം മൂന്നാർ, വാഗമൺ, സംസ്ഥാനാതിർത്തി പ്രദേശങ്ങളിലെ റിസോർട്ടിലേക്കും ഫാം ഹൗസിലേക്കും മാറ്രി. എന്നാൽ ഇവിടെയും പരിശോധനകളും അറസ്റ്റും കടുപ്പിച്ചതോടെയാണ് ഇത്തരം റേവ് പാർട്ടികൾ കൊച്ചിയിൽ വീണ്ടും സജീവമായി. കഴിഞ്ഞവർഷം വാഗമണിലെ നിശാ പാർട്ടിയിൽനിന്ന് പൊലീസ് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഈ പാർട്ടിയുടെ സംഘാടകരും കൊച്ചിക്കാരായിരുന്നു.രാജ്യത്തുതന്നെ ഏറ്റവുമധികം മയക്കുമരുന്ന് ഉപയോഗമുള്ള നഗരമായി കൊച്ചി മാറുകയാണെന്ന് അടുത്തിെടെ ഡി.സി.പി. ഐശ്വര്യ ഡോംഗ്റെ സൂചിപ്പിച്ചിരുന്നു.

മൂന്ന് മാസം കൊച്ചിയിലെ ലഹരികേസുകൾ

ആകെ കേസ്: 368

അറസ്റ്ര് : 406

കഞ്ചാവ് : 26.36 കിലോ

എൽ.എസ്.ഡി : 733

നൈട്രോസൺ ഗുളിക: 108

ഹാഷിഷ് ഓയിൽ :116.59 ഗ്രാം

ഹാഷിഷ്: 5 ഗ്രാം

പിടിച്ചെടുത്ത തുക:8,04,500 രൂപ

പരിശോധന ശക്തമാക്കുകയാണ്. ഇതിന്റെ ആദ്യപടിയാണ് നടപടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഇനി പാർട്ടികൾക്ക് അനുമതി നൽകു. ഈ പാർട്ടികളെല്ലാം എക്സൈസ് നിരീക്ഷണത്തിലായിരിക്കും.

അശോക് കുമാർ,ഡപ്യൂട്ടി കമ്മിഷണർ

എക്സൈസ്,കൊച്ചി