വൈപ്പിൻ: ജില്ലയിലെ പടക്കനിർമ്മാണത്തിന്റെ സിരാകേന്ദ്രമായിരുന്നു അടുത്തകാലം വരെ ചെറായി, പള്ളിപ്പുറം പ്രദേശങ്ങൾ. പ്രമുഖ വ്യവസായിയായിരുന്ന പരേതനായ കണ്ണാത്തുശേരി കുമാരന്റെ തട്ടകമായിരുന്നു ഇവിടം. ചെറായി കരുത്തല മുതൽ പള്ളിപ്പുറം കോൺവെന്റ് വരെയുള്ള മേഖലയിലെ നൂറ് കണക്കിനാളുകളുടെ തൊഴിലാണ് പടക്കനിർമ്മാണം. കൂടുതലും സ്ത്രീകളായിരുന്നു തൊഴിലാളികൾ.
വിഷു, ഈസ്റ്റർ, ദീപാവലി ആഘോഷങ്ങളിൽ ചെറായിയുടെ പടക്കങ്ങളും വർണംവിതറുന്ന അനുബന്ധ ഉത്പന്നങ്ങളും പ്രധാന പങ്ക് വഹിച്ചിരുന്നു. ചില്ലറ വ്യാപാരികളും ജനങ്ങളും ഇവ വാങ്ങുന്നതിനായി ചെറായിയിലേക്ക് ഒഴുകുമായിരുന്നു. മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവാണ് പ്രധാനമായും ഇങ്ങോട്ടേക്കുള്ള ആകർഷണം.
എന്നാൽ പടക്ക നിർമ്മാണത്തിൽ അധികൃതർ നടപ്പാക്കിയ നിയന്ത്രണങ്ങൾ വ്യവസായത്തിന്റെ നിലനിൽപ്പിനെ ബാധിച്ചു. എവിടെയെങ്കിലും ഒരു വെടിക്കെട്ട് അപകടമുണ്ടായാൽ ഉടൻ ഈ മേഖലയിൽ എക്‌സ്‌പ്ലോസീവ്, പൊലീസ് റെയ്ഡുകൾ പതിവായി. ഇതോടെ പലരും പടക്കവ്യവസായം വിടാൻ നിർബന്ധിതരായി. ക്ഷേത്രങ്ങളിലും പള്ളികളിലും വെടിക്കെട്ട് നിയന്ത്രണം വന്നതും വ്യവസായത്തിന് തിരിച്ചടിയായി.
നിർമ്മാണം കുറച്ചു
കഴിഞ്ഞവർഷം വിഷു വില്പനക്കായി ധാരാളം ചരക്കുകൾ സ്റ്റോക്കുചെയ്ത് തയ്യാറായിരുന്നപ്പോഴാണ് കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. അതോടെ പടക്കമേഖലയും സ്തംഭിച്ചു. ഇപ്പോൾ ചെറായി, പള്ളിപ്പുറം മേഖലകളിൽ പടക്ക നിർമ്മാണം നടക്കുന്നില്ല. കമ്പിത്തിരി, ലൈറ്റ്, മേശപ്പൂ, ചാട്ട, ചക്രം തുടങ്ങിയ അപകടരഹിതമായ ഇനങ്ങളുടെ നിർമ്മാണം മാത്രമായി ചുരുങ്ങി. അതും മൂന്ന് നാല് വ്യക്തികളിൽ മാത്രമായി വ്യവസായം.
വിഷുവിനെ വരവേറ്റ് ശിവകാശിയിലെ പടക്കം
വിഷുവിനുള്ള ആഘോഷങ്ങൾക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് പൊതുജനങ്ങളും ചില്ലറ വ്യാപാരികളും ഇവിടേക്കെത്തും. അവരെ തൃപ്തിപ്പെടുത്താൻ ശിവകാശിയിൽനിന്ന് വരുത്തിയ വിവിധതരം ഇനങ്ങളുമായി ചെറായി കാത്തിരിക്കുകയാണ്. സീസണിൽ മാത്രം തുറക്കുന്ന വില്പനശാലകൾക്ക് പുറമേ സ്ഥിരമായി പ്രവർത്തിക്കുന്ന വില്പനശാലകളുമുണ്ട്. മറ്റിടങ്ങളിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ വില്പന നടക്കുന്നതിനാലും വിവിധ ഇനങ്ങൾ ഒന്നിച്ചുവാങ്ങാമെന്നതിനാലും പതിവുപോലെ ചെറായി വിഷു ആഘോഷക്കാരുടെ കേന്ദ്രമാവും.