കൊച്ചി: ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകളിൽ നിന്ന് പിന്മാറണമെന്ന് നടൻ ഫഹദ് ഫാസിലിന് താക്കീത് നൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഒഫ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള (ഫുയോക്) ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ ഒ.ടി.ടി സിനിമകളിൽ അഭിനയിക്കുന്നതിൽ ആശങ്ക അറിയിക്കുക മാത്രമാണ് ചെയ്തത്. ഒഴിവാകാമെന്ന് ഫഹദ് അറിയിക്കുകയും ചെയ്തു.
രണ്ടു സിനിമകൾ ഓൺലൈൻ പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്തതിന്റെ പേരിൽ ഫഹദിനെ താക്കീത് ചെയ്തെന്നായിരുന്നു പ്രചാരണം. രണ്ടു സിനിമകളും ഒ.ടി.ടി റിലീസ് ലക്ഷ്യമിട്ട് കൊവിഡ് കാലത്ത് നിർമ്മിച്ചതാണ്.
ഫുയോക്കിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തെങ്കിലും യോഗം ചേരുകപോലും ചെയ്തിട്ടില്ലെന്ന് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.
ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്ററുടമകൾ തീരുമാനിച്ചിരുന്നു. അതിൽ വിട്ടുവീഴ്ചയില്ല. തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 45 ദിവസത്തിന് ശേഷം ഒ.ടി.ടിയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മേയ് വരെ 35 ദിവസത്തിനുശേഷം ഒ.ടി.ടി പ്രദർശനം അനുവദിച്ചിട്ടുണ്ട്.