കളമശേരി: കൊവിഡ് മൂലം ഈ വർഷവും വിഷുമാറ്റ ചന്തയില്ല. ഏലൂർ ഡിപ്പോ ജംഗ്ഷനിൽ കാലങ്ങളായി നടന്നുവരുന്ന വിഷു മാറ്റച്ചന്ത ഇതേകാരണത്താൽ കഴിഞ്ഞവർഷവും മുടങ്ങിയിരുന്നു. വിഷുവിന് ഒന്നരദിവസം മുമ്പ് ഇവിടെ കച്ചവടക്കാരെത്തുമായിരുന്നു. മൺകലം,ചട്ടി, ധാന്യങ്ങൾ, വിത്തുകൾ, വിവിധ തരം പഴങ്ങൾ, പച്ചക്കറികൾ , കളിപ്പാട്ടങ്ങൾ , കണിക്കൊന്ന തുടങ്ങിയവയാണ് പ്രധാനമായും വിപണിയിലെത്തിയിരുന്നത്. മുട്ടിനകം കടവിനുസമീപം നടന്നിരുന്ന മാറ്റച്ചന്ത യുവാക്കൾ ഏറ്റെടുത്തതിനുശേഷമാണ് ഡിപ്പോ ജംഗ്ഷനിലേക്ക് മാറ്റിയത്. ആദ്യകാലങ്ങളിൽ വള്ളങ്ങളിൽ കച്ചവട സാധനങ്ങൾ കൊണ്ടുവന്നിരുന്നതുകൊണ്ടാണ് കടവിനടുത്ത് ചന്ത നടന്നിരുന്നത്. വാഹനസൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു.