chira
നശിച്ചു കൊണ്ടിരിക്കുന്ന പിരാരൂർ ചിറ.

കാലടി: പ്രദേശവാസികളുടെ കുടിവെള്ളസ്രോതസായ പിരാരൂർ ചിറ നാശത്തിന്റെ വക്കിലാണ്. അങ്കമാലി നഗരസഭയെയും കാലടി പഞ്ചായത്തിനെയും തമ്മിൽ വേർതിരിക്കുന്നത് ഈ ചിറയാണ്. രണ്ട് കിലോമീറ്റർ നീളത്തിൽ കിടക്കുന്നതും 50 അടി വീതിയുമുള്ള ചിറക്ക് 40 മുതൽ 60 അടി വരെ ആഴമുണ്ട്. ഒരു വേനലിലും ഈ ചിറ വറ്റിയതായി അറിവില്ല. ചിറയുടെ ഇരുകരകളിലായി രണ്ടായിരത്തിലേറെ വീടുകൾക്ക് കുടിവെള്ളം നൽകി വന്നത് ഈ ചിറയാണ്. എന്നാൽ ഇന്ന് ചിറ നാശത്തിന്റെ വക്കിലാണ്.

 ഒഴിപ്പിക്കണം കൈയേറ്റങ്ങൾ

അനധികൃത കൈയേറ്റങ്ങൾ ചിറയുടെ പ്രസക്തിതന്നെ ഇല്ലാതാക്കുന്നു. ഇരുളിന്റെ മറവിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് മാത്രമായി ചിറയുടെ ഉപയോഗം. കൃഷിക്കും ജലസേചനത്തിനും ആവശ്യമായ വെള്ളം ചിറയിൽ നിന്നും ലഭിച്ചിരുന്നു. കാലടി പഞ്ചായത്ത് പരിധിയിലാണങ്കിലും ചിറയെ സംരക്ഷിക്കണമെന്ന് ഭരണാധികാരികൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ കുറ്റപ്പെടുത്തൽ.

 ചിറ സൗന്ദര്യവത്കരിക്കണം

ചിറയുടെ ഇരുവശങ്ങളിലായി ഏക്കർ കണക്കിന് ഭൂമി പുറംപോക്കായി കിടപ്പുണ്ട്. ഇതൊന്നും സംരക്ഷിക്കാൻ നടപടിയൊന്നുമില്ലെന്ന് മാത്രം. പുറംപോക്ക് ഭൂമി തിരിച്ച് പിടിച്ച് ചിറയിലെ മാലിന്യങ്ങളും ചെളിയുംനീക്കും ചെയചത് ചിറ സൗന്ദര്യവത്കരിക്കണമെന്നാണ് ആവശ്യം. 2018ലെ മഹാപ്രളയത്തിൽ ചിറയുടെ മുകളിൽ പത്തടിയോളം വെള്ളം ഉയർന്നു. ചിറയെ ചെങ്ങൽ തോടുമായി ബന്ധിപ്പിച്ചാൽ നെടുമ്പാശേരി എയർപോർട്ടിന് സമീപത്തെ വെള്ളപ്പൊക്ക ഭീഷണിക്കും പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.