vipani
തിരുവാണിയൂർ ചെമ്മനാട്ടെ കാർഷിക വിപണിയിൽ വിറ്റു പോകാത്ത ഉല്പന്നങ്ങൾ കൂട്ടിയിട്ടിരിക്കുന്നു

കോലഞ്ചേരി: വിഷു വിപണിയിൽ പ്രതീക്ഷയർപ്പിച്ച് പച്ചക്കറി കൃഷിയിറക്കിയവർക്ക് തിരിച്ചടിയായി വിലയിടിവ്. കൊവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ വിഷു വിപണികളിൽ ആളെത്തുന്നില്ല. നല്ല വില ലഭിക്കുമെന്ന് പ്രതീക്ഷിച്ച കണിവെള്ളരിയും പയറുമുൾപ്പെടെയുള്ള പച്ചക്കറികൾക്ക് ഇതോടെ വിലയിടിഞ്ഞു.

വിഷുക്കാലത്ത് ഏറ്റവും വില ലഭിക്കേണ്ട കണിവെള്ളരി ഞായറാഴ്ച ജില്ലയിലെ വിവിധ സ്വാശ്രയ വിപണികളിൽ നടന്ന ലേലത്തിൽ നിസ്സാര വിലയ്ക്കാണ് കച്ചവടക്കാർ എടുത്തത്. സീസണിൽ 40 രൂപ വരെ വന്ന വെള്ളരിക്ക് ഇന്നലെ 12-14 രൂപയായിരുന്നു മൊത്തവില.

മാർക്ക​റ്റുകളിൽ ആളുകൾ എത്തുന്നത് കുറഞ്ഞതിനാൽ പച്ചക്കറി സ്റ്റോക്കു ചെയ്യാൻ കച്ചവടക്കാരും മടിക്കുന്നു. വിപണിയിൽ വില്പനക്കെത്തിയ പച്ചക്കറികൾ എടുക്കാനാളില്ലാതെ കൂട്ടിയിട്ടിരിക്കുകയാണ്. ഇന്ന് വീണ്ടും വിപണി പ്രവർത്തിക്കും. വില കുറഞ്ഞാലും വിറ്റു തീർക്കാനാണ് കർഷകരുടെ ശ്രമം.

വേനൽ മഴയിൽ വാഴ, പച്ചക്കറി വിളകൾക്കുണ്ടായ നാശത്തിന് പുറമേയാണ് വിലയിടിവു മൂലമുള്ള നഷ്ടം. വിഷുക്കാലത്തേക്കുള്ള ഏത്തവാഴയും കിഴങ്ങുവർഗങ്ങളുമാണ് കർഷകർ കൂടുതലായി താഴ്ന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നത്. കാലാവസ്ഥ അനുകൂലമായാൽ പ്രതീക്ഷിക്കുന്ന വിളവും ലാഭവും കിട്ടും. എന്നാൽ കാ​റ്റും മഴയും ചതിച്ചാൽ വായ്പയെടുത്ത പണം പോലും തിരിച്ചടയ്ക്കാനാകില്ല.

തിരുവാണിയൂർ, വണ്ടിപ്പേട്ട, മഴുവന്നൂർ, കടയ്ക്കനാട്, ഐരാപുരം, വലമ്പൂർ മേഖലകളിൽ വേനൽമഴയോടൊപ്പം വീശിയ കാറ്റിൽ അയ്യായിരത്തിനടുത്ത് കുലച്ച വാഴകൾ നിലംപൊത്തി. ഇത് ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടാക്കിയെന്ന് കർഷകർ പറയുന്നു.

 മത്സരമില്ലാതെ മാർക്കറ്റ്

സ്വാശ്രയ വിപണികൾ വഴിയാണ് കർഷകരുടെ മൊത്ത വില്പന. കച്ചവടക്കാരുടെ വരവ് കൂടുന്നതനുസരിച്ച് വിപണിയിൽ മത്സര ലേലം നടക്കുകയും നല്ല വില ലഭിക്കുകയും ചെയ്യും. മൊത്ത കച്ചവടക്കാരിൽ നിന്ന് ഉല്പന്നങ്ങൾ കിട്ടാതായതോടെ വരുന്ന ചെറുകിട കച്ചവടക്കാരാണ് ഇപ്പോൾ വാങ്ങാനെത്തുന്നത്. അതുകൊണ്ടു തന്നെ വില്പന കാര്യമായി നടക്കുന്നില്ല.

ഇനം നിലവിലെ വില ലഭിക്കേണ്ടിയിരുന്ന വില

കണിവെള്ളരി 12-14 40

കുറ്റിപ്പയർ 50 80

ഏത്തക്കായ് 40 60

പടവലം 12 20

ചേന 15 30

ചുരയ്‌ക്ക 6 20