നെടുമ്പാശേരി: വേനൽക്കാലത്തെ കൊടുംചൂടിലും യൂറോപ്യൻ കാലാവസ്ഥയ്ക്കും സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആധുനിക സംവിധാനങ്ങളോടുകൂടി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഫുട്‌ബാൾ ടർഫ് ഒരുങ്ങി. നാളെ വൈകിട്ട് 7.30ന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും. മുൻ ഫുട്‌ബാൾ താരം എം.എം. ജേക്കബ്, പി.വൈ. വർഗീസ്, ശോഭ ഭരതൻ തുടങ്ങിയവർ പ്രസംഗിക്കും. മികച്ച ഫുട്‌ബാൾ താരങ്ങളെ വാർത്തെടുക്കുന്നതിനായി കുട്ടികൾക്കായി ഫുട്‌ബാൾ അക്കാഡമിയും യോഗ പരിശീലനമടങ്ങിയ ഹെൽത്ത് ക്ലബും ഇതോടനുബന്ധിച്ച് വിഭാവനം ചെയ്യുന്നുവെന്ന് പ്രവാസി സംരംഭകനായ സിജുപോൾ കല്ലറ പറഞ്ഞു.
15 മുതൽ 18 വരെ ആവണംകോട് കാൽപന്തേഴ്‌സ് ടർഫുമായി സഹകരിച്ച് 32 ക്ലബ്ബുകൾ പങ്കെടുക്കുന്ന ഒന്നാമത് എ.കെ. കോരത് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബാൾ ടൂർണമെന്റ് നടക്കും. മരിയ മാർട്ടിൻ പൊന്തേംപിള്ളി, എം.ആർ. രജിത്ത് തുടങ്ങിയവരെ ആദരിക്കും.

ജോർജ് നെല്ലിശേരി, വിജു കോരത്, ബിജു കെ. മുണ്ടാടൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.