കൊച്ചി: കൊച്ചി നഗരത്തിന്റെ തീരാശാപമായ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് കോർപ്പറേഷൻ ഉൗർജിതശ്രമം ആരംഭിച്ചു. ഇതിന് മുന്നോടിയായി ഡിവിഷൻ തലത്തിൽ കനാലുകൾ വൃത്തിയാക്കുന്ന ജോലികൾക്ക് തുടക്കമിട്ടു. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി വിശദമായ ഡ്രെയിനേജ് പദ്ധതി തയ്യാറാക്കുമെന്നും ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വെള്ളക്കെട്ടു നിവാരണത്തിനുള്ള ഫണ്ട് വിനിയോഗിക്കുകയുള്ളുവെന്നും മേയർ അഡ്വ.എം.അനിൽകുമാർ ആദ്യ കൗൺസിലിൽ പ്രഖ്യാപിച്ചിരുന്നു. ഓരോ ഡിവിഷനിലെയും വെള്ളക്കെട്ട് പ്രദേശങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങൾ സംബന്ധിച്ചും കൗൺസിലർമാർ അതാത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർമാർക്ക് റിപ്പോർട്ട് നൽകണമെന്നും അവർ ഇത് ക്രോഡീകരിച്ച് കോർപ്പറേഷന് കൈമാറണമെന്നും നിർദ്ദേശിച്ചു. നീരൊഴുക്ക് സുഗമമാക്കുന്നതിനായി മഴക്കാലത്തിന് മുമ്പ് നഗരത്തിലെ പ്രധാന കനാലുകൾ വൃത്തിയാക്കുന്നതിന് ടെൻഡർ വിളിക്കാനും കൗൺസിൽയോഗം തീരുമാനിച്ചു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ സ്വപ്നങ്ങളെല്ലാം പൊളിഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന്റെ പേരിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും തടസപ്പെടരുതെന്ന സർക്കാർ ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾക്ക് പിടിവള്ളിയായി. മുൻകൂർ അനുമതി ലഭിച്ച പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
ഡിവിഷൻതല
പ്രവൃത്തികൾ ആരംഭിച്ചു
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഡിവിഷനുകളിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഡ്രെയിനേജുകൾ, ഓടകൾ, തോടുകൾ എന്നിവയെല്ലാം ചെളികോരി വൃത്തിയാക്കുന്ന ജോലികളാണ് നടക്കുന്നത്. തോടുകളിലെ ചെളിയുംപായലും നീക്കുന്നുണ്ട്. തീരെ ചെറിയ കാനകളുടെ ശുചീകരണം ഹെൽത്ത് കമ്മിറ്റിക്ക് വിട്ടുകൊടുത്തു .
ഡ്രെയിനേജ് വൃത്തിയാക്കാൻ വേണ്ടിവരുന്ന ചെലവ് കണക്കിലെടുത്ത് അഞ്ചുലക്ഷം, മൂന്നുലക്ഷം, ഒരുലക്ഷം എന്നിങ്ങനെ വിവിധ ഫണ്ടുകൾ ഓരോ ഡിവിഷനിലേക്കും അനുവദിച്ചിട്ടുണ്ട്. വലിയ കാനകളുടെ ശുചീകരണം ഈ മാസം ഒടുവിൽ തുടങ്ങും.
സുനിത ഡിക്സൺ
മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ
സഹായവുമായി വിവിധ ഏജൻസികൾ
വെള്ളക്കെട്ടുനിവാരണ പ്രവർത്തനങ്ങൾക്കായി പത്തുകോടിരൂപ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) കോർപ്പറേഷന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന സർക്കാർ, ജർമ്മൻ, ഫ്രഞ്ച് തുടങ്ങി വിവിധ ഏജൻസികളും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേസമയം ഓപ്പറേഷൻ ബ്രേക്ക് ത്രൂ നിലവിൽ അനക്കമറ്റ അവസ്ഥയിലാണ്. 2019 ഒക്ടോബറിൽ പെയ്ത കനത്തമഴയിൽ നഗരം വെള്ളത്തിലായതിനെ തുടർന്ന് സംസ്ഥാന സർക്കാർ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച പദ്ധതിയാണ് ഓപ്പറേഷൻ ബ്രേക് ത്രൂ. നടത്തിപ്പ് ചുമതല ജില്ലാ ഭരണകൂടത്തിനായിരുന്നു.