ആലുവ: സാങ്കേതികത്വം പറഞ്ഞ് അധികൃതർ നഷ്ടം വിലയിരുത്താതിരുന്നതിനാൽ കാറ്റിലും മഴയിലും ചൂർണിക്കര പഞ്ചായത്തിൽ കൃഷിനാശമുണ്ടായ കർഷകർ ദുരിതത്തിലായി.
കർഷകർ കൃഷിവകുപ്പ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ ഓൺലൈൻ വഴി അപേക്ഷിക്കാനായിരുന്നു നിർദ്ദേശം. അപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സൈറ്റ് പലപ്പോഴും പണിമുടക്കുകയായിരുന്നു. അതിനാൽ പലർക്കും കൃത്യമായി അപേക്ഷിക്കാനായില്ല. ഇതുമൂലം ഉദ്യോഗസ്ഥർ കൃഷിനാശം വിലയിരുത്താൻ എത്തിയില്ലെന്നും കർഷകർ പറയുന്നു. ഇതിനിടയിൽ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിലാവുകയും ചെയ്തു. ഈ തിരക്കുകൾ കഴിഞ്ഞപ്പോൾ കർഷകർ വീണ്ടും സമീപിച്ചെങ്കിലും പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങൾക്ക് പത്ത് ദിവസത്തിനകം അപേക്ഷിക്കണമെന്നാണ് പറഞ്ഞതത്രെ. ഇക്കാര്യം അധികൃതർ നേരത്തെ പറഞ്ഞിരുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടതിന് കൂടുതൽ ദിവസങ്ങൾ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.