തോപ്പുംപടി: റേഷൻ കടവഴിയുള്ള സൗജന്യവിഷുക്കിറ്റും സ്പെഷ്യൽ അരി വിതരണവും പ്രതിസന്ധിയിലായി. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതിരുന്നതിനാലാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഒഴിവുദിനങ്ങളും ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് ജോലിയും തുടർന്നുള്ള വിശ്രമദിനങ്ങളും നടപടികൾ വൈകാനും വിതരണം തകരാറിലാക്കാനും ഇടയായി.
മാർച്ച് 30 മുതൽ മഞ്ഞക്കാർഡുകാർക്ക് കിറ്റ് വിതരണം തുടങ്ങിയെങ്കിലും തുടർദിനങ്ങളിൽ കിറ്റുകൾ എത്തിയില്ല. കിറ്റിലേക്കാവശ്യമായ സാധനങ്ങൾ ലഭ്യമാകാത്തതാണ് തിരിച്ചടിയായതെന്നാണ് സപ്ലൈകോ അധികാരികൾ പറയുന്നത്.
കിറ്റ് വിതരണം തകരാറിലായതോടെ കടക്കാരും ഉപഭോക്താക്കളും തമ്മിൽ പലേടത്തും തർക്കമാണ്. നീല, വെള്ള കാർഡുകാർക്ക് 15 രൂപാ നിരക്കിൽ 10 കിലോ അരി വിതരണവും അനിശ്ചിതത്വത്തിലാണ്. കടകളിൽ അരി എത്താത്തതാണ് കാരണം.
പശ്ചിമകൊച്ചിയിലെ പല റേഷൻ കടകളിലും കിറ്റുവിതരണം ഭാഗികമാണ്. മാർച്ച് മാസത്തെ കിറ്റുകളാണ് ഇന്നലെ പല കടകളിലും വിതരണം നടന്നത്. ഏപ്രിൽ മാസത്തെ സൗജന്യ കിറ്റും സ്പെഷ്യൽ അരി വിതരണവും വൈകാതെ സാധാരണ നിലയിലാകുമെന്നാണ് അധികാരികൾ ചൂണ്ടിക്കാട്ടുന്നത്.