കൊച്ചി: ഞായറാഴ്ച ഹെലികോപ്ടർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും ഭാര്യ ഷാബിറയും അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് പോയി. ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് റോഡ് മാർഗമാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയത്.
ഹെലികോപ്ടർ പൈലറ്റുമാരായ അശോക് കുമാറും കെ.ബി.ശിവകുമാറും പ്രൈവറ്റ് സെക്രട്ടറിമാരും ഇവർക്കൊപ്പം ആശുപത്രി വിട്ടു. ആരെയും ആശുപത്രിയിൽ അഡ്മിറ്റാക്കിയിരുന്നില്ല.
യൂസഫലി അബുദാബിയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും പൂർണ ആരോഗ്യവാനാണെന്നും ചികിത്സ തേടേണ്ട സാഹചര്യമില്ലെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിനാണ് യൂസഫലിയും ഭാര്യയും പ്രൈവറ്റ് സെക്രട്ടറിമാരും സഞ്ചരിച്ച ഹെലികോപ്ടർ പനങ്ങാട് കേരള ഫിഷറീസ് യൂണിവേഴ്സിറ്റിക്ക് സമീപം അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥ കാരണം ചതുപ്പ് പ്രദേശത്ത് ഇടിച്ചിറക്കുകയായിരുന്നു.
ഹെലികോപ്ടർ
നെടുമ്പാശേരിയിൽ
അപകടത്തിൽപ്പെട്ട ഹെലികോപ്ടർ ഇന്നലെ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റി. പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പിൽ പുതഞ്ഞു കിടന്ന ഹെലികോപ്ടർ ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധർ ക്രെയിനിൽ ഉയർത്തി പുലർച്ചെ അഞ്ചുമണിയോടെ ട്രെയ്ലർ ലോറിയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ചെന്നൈയിലെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ സീനിയർ സേഫ്റ്റി ഒാഫീസർ വീരരാഘവന്റെയും കൊച്ചി വിമാനത്താവള ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ അർദ്ധരാത്രി ആരംഭിച്ച ദൗത്യം രാവിലെ അഞ്ചുമണിക്കാണ് പൂർത്തിയായത്. പങ്കകൾ അഴിച്ചുമാറ്റിയ ശേഷമാണ് കോപ്ടർ ഉയർത്തിയത്.