vaiga

തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിലെ അന്വേഷണം കുടുംബം താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലെ ചിലരിലേക്ക് നീങ്ങി. വൈഗയുടെ മരണവും പിതാവ് സാനുമോഹന്റെ തിരോധാനവും സംബന്ധിച്ച് ഇവർ നൽകിയ മൊഴികൾ പരസ്പര വിരുദ്ധമാണ്. തുടർന്ന് മൂന്നുപേരെ കഴിഞ്ഞ ദിവസം എറണാകുളം ഡി.സി.പി ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

സംഭവദിവസം സാനു വൈഗയെ തോളിലേറ്റിയാണ് കാറിലെത്തിച്ചതെന്ന് മൊഴി നൽകിയ ആളെയും പലവട്ടം പൊലീസ് ചോദ്യം ചെയ്തു. ഈ മൊഴിയുടെ വിശ്വാസ്യതയും സംശയനിഴലിലാണ്.

ഫ്ളാറ്റുവാസികളിൽ നിന്ന് നിർണായകമായ ചില വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. സംഭവത്തിൽ അറിഞ്ഞോ അറിയാതെയോ ചിലർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സാനുവുമായി സാമ്പത്തിക അടുപ്പമുള്ളവരെ ഫ്ലാറ്റിൽ വച്ചും സ്റ്റേഷനിൽ വച്ചും ഡി.സി.പി ചോദ്യം ചെയ്തിരുന്നു. ദിവസവാടകയ്ക്ക് നൽകുന്ന ഫ്ളാറ്റുകളും ഹാർമണിയിലുള്ളത് പൊലീസിനെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ഇവിടെ പതിവായി വരാറുള്ള സിനിമാക്കാരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. പ്രമുഖ സിനിമാനിർമ്മാണ കമ്പനിയുടെ അണിയറ പ്രവർത്തകർ ഫ്ലാറ്റിൽ ഇടയ്ക്ക് ഒത്തുകൂടാറുണ്ട്.

കാർ രമ്യയുടെ പേരിൽ

സാനുമോഹൻ ഉപയോഗിച്ചിരുന്ന കെ.എൽ. 7 സി.ക്യു 8571 ഫോക്സ്‌ വാഗൺ അമിയോ കാർ ഭാര്യ രമ്യയുടെ പേരിലുള്ളതാണ്.

2019 ഫെബ്രുവരി 16നാണ് കങ്ങരപ്പടി ഫ്ലാറ്റിലെ വിലാസത്തിൽ കാർ വാങ്ങിയത്. ഈ കാറിലാണ് സാനു കോയമ്പത്തൂരിലെത്തിയത്. പിന്നെ സാനുവിനൊപ്പം കാറും അപ്രത്യക്ഷമായി.

 പതിവ് യാത്ര

കഴിഞ്ഞ ആറു മാസത്തിനിടെ കൊടുങ്ങല്ലൂർ റൂട്ടിൽ സാനു നിരന്തരം യാത്ര ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. ഈ റൂട്ടിൽ രണ്ടുവട്ടം അമിത വേഗത്തിന് കാമറയിൽ കുടുങ്ങുകയും ചെയ്തിരുന്നു.