കൊച്ചി: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് കമ്പനി (കിയാൽ) ഒരു സർക്കാർ കമ്പനിയാണെന്നും കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലാണ് (സി.എ.ജി) ഇവിടെ ഒാഡിറ്റിംഗ് നടത്തേണ്ടതെന്നും വ്യക്തമാക്കി ഇന്ത്യൻ ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകി. സ്വകാര്യ കമ്പനിയാണെന്നതിനാൽ സി.എ.ജിയുടെ ഒാഡിറ്റിംഗ് തടയണമെന്നാവശ്യപ്പെട്ട് കിയാൽ നൽകിയ ഹർജിയിലാണിത്.
സംസ്ഥാന സർക്കാരിനും കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൂടി കിയാലിൽ 64.79 ശതമാനം ഒാഹരിയുണ്ടെന്നും സർക്കാർ കമ്പനിയാണെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഒാഡിറ്റിംഗിന് കിയാൽ സ്വകാര്യ ഏജൻസിയെ നിയോഗിച്ചത് നിയമപരമല്ല. 2018 ഏപ്രിൽ 30ലെ കണക്കനുസരിച്ച് സംസ്ഥാന സർക്കാരിന് 32.86 ശതമാനം ഒാഹരിയാണ് കിയാൽ കമ്പനിയിലുള്ളത്. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ, ഭാരത് പെട്രോളിയം എന്നിവയ്ക്ക് 29.75 ശതമാനം ഒാഹരിയും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ, ബിവറേജസ് കോർപ്പറേഷൻ, കേരള മിനറൽസ് ആൻഡ് മെറ്റൽസ്, കേരള ടൂറിസം വികസന കോർപ്പറേഷൻ തുടങ്ങിയവയ്ക്കെല്ലാം കൂടി 2.18 ശതമാനം ഒാഹരിയുമുണ്ട്. സർക്കാരിനും പൊതുമേഖലാസ്ഥാപനങ്ങൾക്കും കൂടി 51 ശതമാനത്തിലേറെ ഒാഹരിയുള്ളതിനാൽ ഒാഡിറ്റിംഗ് നടത്താനുള്ള അധികാരം സി.എ.ജിക്കാണ്. 2016-17ലെ കണക്കുകൾ സി.എ.ജി പരിശോധിച്ച് അംഗീകരിച്ചതല്ലെന്നും ഇതേ കണക്കുകൾ 2018 സെപ്തംബർ 29 ലെ വാർഷിക പൊതുയോഗത്തിൽ അംഗീകരിച്ചത് കമ്പനി നിയമങ്ങൾക്കു വിരുദ്ധമാണെന്നും വിശദീകരണ പത്രികയിൽ പറയുന്നു.