കൊച്ചി: ചതുപ്പിൽ ഇടിച്ചിറങ്ങിയ ഹെലികോപ്ടറിൽ നിന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയ പനങ്ങാട് പൊലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സി.പി.ഒ എ.വി ബിജിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമോദനം. ബിജിക്ക് 2000 രൂപ പാരിതോഷികവും പ്രശംസാപത്രവും നൽകും.പതിനായിരങ്ങളെ സഹായിക്കുന്ന മനുഷ്യന് 'ഒരു കുഞ്ഞു സഹായം' ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്രുന്നില്ലെന്നും പൊലീസ് മേധാവിയുടെ അനുമോദനം ഹൃദയത്തോട് ചേർക്കുന്നുവെന്നും ബിജി കേരളകൗമുദിയോട് പറഞ്ഞു. കോപ്ടറിൽ ആരാണെന്ന് അറിയില്ലായിരുന്നു. ആരായിരുന്നാലും ഇതുപോലെ തന്നെ ചെയ്യുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥയെന്ന ആത്മധൈര്യം രക്ഷാപ്രവർത്തനത്തിന് കരുത്തുപകർന്നെന്നും ബിജി പറഞ്ഞു. ബിജിയും ഭർത്താവ് രാജേഷും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആറു മാസത്തെ പ്രസവാവധിയിലാണ് ബിജി.