കൊച്ചി: സംരക്ഷിത വനമേഖലയിൽ ആരാധന നടത്താൻ മതവിഭാഗങ്ങൾക്ക് അനിയന്ത്രിതമായ അവകാശങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിസർവ് വനമേഖലയിൽ അതിക്രമിച്ചു കടന്നു നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നീക്കാൻ വനം അധികൃതർക്ക് ബാദ്ധ്യതയുണ്ടെന്നും ജസ്റ്റിസ് എൻ. നഗരേഷ് വിശദീകരിച്ചു. ബോണക്കാട് വനമേഖലയിലെ കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് കല്ലാർ സ്വദേശി സുകുമാരൻ കാണിയും തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രനും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
ബോണക്കാട് മേഖലയിൽ അമലോത്ഭവ മാതാവിന്റെ പള്ളി മുതൽ കുരിശുമലയുടെ മുകളിൽ വരെ അനധികൃതമായി കുരിശുകൾ സ്ഥാപിച്ചതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. കറിച്ചട്ടിമൊട്ട മലയുടെ പേര് കുരിശുമല എന്നു മാറ്റിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വനമേഖലയിൽ അനധികൃതമായി അഞ്ച് കുരിശുകൾ സ്ഥാപിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇവ നീക്കം ചെയ്യാൻ ഫോറസ്റ്റ് റേഞ്ച് ഒാഫീസർ സ്വീകരിച്ച നടപടി ഹൈക്കോടതി ശരിവച്ചു.
ബോണക്കാട് തീർത്ഥാടന കേന്ദ്രത്തിൽ ആരാധന നടത്താനും കുരിശുകൾ സ്ഥാപിക്കാനും അനുമതി തേടി പള്ളി വികാരി ജി. ക്രിസ്തുദാസ് നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിച്ചു ഹൈക്കോടതി തീർപ്പാക്കി. കുരിശുകൾ സ്ഥാപിക്കാൻ അനുമതി തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നെന്നും ഇക്കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കിയെന്നും ഹർജിക്കാരൻ അവകാശപ്പെട്ടു. തുടർന്നാണ് സർക്കാരിനെ സമീപിക്കാനും ഉചിതമായ നിയമനടപടി സ്വീകരിക്കാനും ഹർജിക്കാരന് അവകാശമുണ്ടെന്ന് വ്യക്തമാക്കി ഹർജി തീർപ്പാക്കിയത്.