gun

കൊച്ചി: വയനാട്ടിലെ വെള്ളമുണ്ടയിൽ വീട്ടിൽ അതിക്രമിച്ചു കയറി പൊലീസുകാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷ്, കന്യ, അനൂപ് മാത്യു, എൻ.കെ. ഇബ്രാഹിം എന്നിവർക്കെതിരെ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി കുറ്റം ചുമത്തി. 2014 ഏപ്രിൽ 24ന് രാത്രിയിലാണ് സംഘം പൊലീസുകാരനായ പ്രമോദിന്റെ വീട്ടിലെത്തിയത്. മാവോയിസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറരുതെന്നും തങ്ങളെ വേട്ടയാടുന്ന സംഘത്തെ സഹായിക്കരുതെന്നും ആവശ്യപ്പെട്ട് പ്രമോദിനെ ഇവർ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മാരകായുധങ്ങളുമായെത്തിയ സംഘം പ്രമോദിന്റെ ബൈക്ക് കത്തിക്കുകയും മാവോയിസ്റ്റ് ലഘുലേഖകൾ വിതറുകയും ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇന്നലെ രൂപേഷിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. മറ്റു പ്രതികളെ വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് ഹാജരാക്കിയത്. താൻ നിരപരാധിയാണെന്നായിരുന്നു കന്യയുടെ മറുപടി. തുടർന്ന് വിചാരണയടക്കമുള്ള നടപടികൾ തീരുമാനിക്കാനായി കേസ് ഏപ്രിൽ 16ലേക്ക് മാറ്റി.