തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ പൊതുതോടുകൾ ശുചീകരിക്കുന്നതിനുള്ള ക്വട്ടേഷൻ നടപടിയിൽ അഴിമതി ആരോപണം. നാല്പത്തി മൂന്ന് വാർഡുകളിലെയും പൊതുതോടുകൾ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വൃത്തിയാക്കുന്നതിന് ജെ.സി.ബി, ഹിറ്റാച്ചി അടക്കമുള്ളവ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനായാണ് ക്വട്ടേഷൻ ക്ഷണിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ കഴിഞ്ഞ വെളിയാഴ്ച ഉച്ചയ്ക്കായിരുന്നു പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ തുറന്നത്. പത്രപ്പരസ്യമോ മറ്റ് അറിയിപ്പുകളോ നൽകാതെ ഭരണപക്ഷ കൗൺസിലർമാർക്ക് വേണ്ടപ്പെട്ടവർക്ക് ക്വട്ടേഷൻ കൊടുക്കാനുളള നടപടികളാണ് കൈക്കൊണ്ടതെന്നാണ് ആരോപണം.
പതിനഞ്ച് ക്വട്ടേഷനുകൾ ലഭിച്ചതിൽ പതിനൊന്നും വിവിധ കാരണങ്ങൾ പറഞ്ഞ് റദ്ദാക്കുകയായിരുന്നു.
നാല് ക്വട്ടേഷനുകളാണ് പരിഗണിച്ചത്. ക്വട്ടേഷനുകളോ ടെണ്ടറുകളോ പൊട്ടിക്കുമ്പോൾ നിർവഹണ ഉദ്യോഗസ്ഥന്റെയും സെക്രട്ടറി അധികാരപ്പെടുത്തിയിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥന്റെയും സാന്നിദ്ധ്യത്തിൽ വേണമെന്നാണ് ചട്ടം. എന്നാൽ പ്രതിപക്ഷ കൗൺസിലർമാർ വിവരം തിരക്കിയപ്പോഴാണ് ഇവർ ഇക്കാര്യം അറിയുന്നത്. ഇതേത്തുടർന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ചന്ദ്ര ബാബു, കൗൺസിലർമാരായ ജിജോ ചങ്ങംതറ, പി.സി മനൂപ്, റസിയ നിഷാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
# ടെൻഡർ ചെയ്യാൻ കടമ്പകളേറെ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിൽക്കുമ്പോൾ പുതിയ ടെൻഡർ, ക്വട്ടേഷൻ നടപടികൾ സ്വീകരിക്കാൻ പറ്റില്ല. സാധാരണ ഓരോ വാർഡുകളിലും ചെയ്യേണ്ട പ്രവൃത്തിയുടെ എസ്റ്റിമേറ്റെടുക്കണം, തുടർന്ന് പൊതുമരാമത്ത് കമ്മിറ്റി പാസാക്കി കൗൺസിൽ അംഗീകാരം തേടണം. പിന്നീട് ടെൻഡർ പരസ്യപ്പെടുത്തണം.
# എസ്റ്റിമേറ്റെടുക്കാതെ നിർമ്മാണം
വൻ അഴിമതിയെന്ന് പ്രതിപക്ഷം
നാല്പത്തി മൂന്ന് വാർഡുകളിലെ പൊതുതോടുകൾ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വൃത്തിയാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ച നടപടി അഴിമതിയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ പലരും അറിയാതെയാണ് നടപടി. ഈ നടപടി ശരിയല്ല. നടപടി റദ്ദാക്കി ഓപ്പൺ ടെൻഡർ വിളിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകും.
ചന്ദ്രബാബു, എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ്.