കൊച്ചി/കോട്ടയം: സ്വകാര്യഭാഗങ്ങളിൽ മുറിവും അണുബാധയുമേറ്റ് ഗുരുതരാവസ്ഥയിൽ മൂവാറ്റുപുഴയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അസാം സ്വദേശിനിയായ അഞ്ചുവയസുകാരി​ക്ക് ക്രൂരമായ ലൈംഗിക പീഡനമേറ്റിട്ടുണ്ടെന്ന് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്ന് മൂവാറ്റുപുഴ പൊലീസിന് കെെമാറും.

ബാലികയുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധത്താൽ ഉണ്ടായതുപോലുള്ള മുറിവുകളും മെഡിക്കൽ സംഘം കണ്ടെത്തി. സൈക്കിളിന്റെ ലോഹഭാഗം കൊണ്ട് പരിക്കേറ്റു എന്നാണ് കുട്ടി കൗൺസലിംഗിനിടെ മൊഴി നൽകിയിരുന്നത്. ഇത് മെഡിക്കൽ ബോർഡ് തള്ളി.

കുട്ടിയുടെ ശരിരത്തിന്റെ വിശദമായ എക്സ്റേ പരിശോധന നടത്താനും മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കുട്ടി​യുടെ പൊതുവി​ലുള്ള ആരോഗ്യ നി​ല മെച്ചപ്പെട്ടി​ട്ടുണ്ട്.

ഗൈനക്കോളജി, ജനറൽ സർജറി, ഫോറൻസിക് മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരാണ് ഇന്നലെ ആശുപത്രി സൂപ്രണ്ട് ഡോ. പി. സവിതയുടെ നേതൃത്വത്തിൽ ചേർന്ന മെഡിക്കൽ ബോർഡിൽ ഉണ്ടായിരുന്നത്.