mango-fest

ആലുവ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളുടെ വൈവിദ്ധ്യമാർന്ന ശേഖരവുമായി ആലുവയിൽ മാംഗോ ഫെസ്റ്റിന് വർണാഭമായ തുടക്കം. ആലുവ എസ്.പി ഓഫീസിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് വിഷു - റംസാൻ ആഘോഷങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് ആരംഭിച്ചത്.

പ്രിയൂർ, ഒട്ടുമൽഗോവ, പാൽഗോവ, മുണ്ടപ്പ, ചന്ദ്രക്കാരൻ, ചെറുനാടൻ പഴം, മൂവാണ്ടൻ എന്നിങ്ങനെ നാടൻ മാമ്പഴങ്ങളുടെ നീണ്ടനിരക്ക് പുറമെ ആന്ധ്രമൽഗോവ, നീലം, സിന്ദൂരം, മല്ലിക, കേനർ തുടങ്ങി അന്തർ സംസ്ഥാന മാങ്ങകളുടെ ശേഖരവുമുണ്ട്. നിലവിൽ 27 ഇനങ്ങളാണ് എത്തിയിട്ടുള്ളതെങ്കിലും പത്ത് ദിവസത്തിനകം 60 ഇനം മാമ്പഴം മേളയിലെത്തും. വിഷമില്ലാത്ത നാട്ടുമാമ്പഴത്തിന്റെ ശേഖരമെന്ന പ്രത്യേകത കൂടി മേളക്കുണ്ടെന്ന് മാമ്പഴ ഫെസ്റ്റിന്റെ മുഖ്യ സംഘാടകനായ ടി.ആർ. സെബാസ്റ്റ്യൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി ആലുവ ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ മാമ്പഴം മൊത്തമായി വിപണനം നടത്തുന്ന സെബാസ്റ്റ്യൻ ആദ്യമായിട്ടാണ് മാമ്പഴ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ആലുവയിൽ നടക്കുന്ന ആദ്യ മാമ്പഴ ഫെസ്റ്റ് എന്ന പ്രത്യേകത കൂടിയുണ്ട്. പ്രദർശനത്തോടൊപ്പം വിലക്കുറവിൽ വിപണനവും ഫെസ്റ്റിൽ സംഘടിപ്പിച്ചിട്ടുണ്ട്.

നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, കൗൺസിലർ ജെയിസൺ പീറ്റർ, മുൻ ചെയർമാൻ ഫ്രാൻസിസ് തോമസ്, ജോസി പി. ആൻഡ്രൂസ്, എസ്.എ. രാജൻ എന്നിവർ സംബന്ധിച്ചു.