bhel

കൊച്ചി: കാസർകോട് ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് - ഇ.എം.എൽ (ഭെൽ - ഇ.എം.എൽ) കമ്പനിയുടെ ഒാഹരി കൈമാറ്റത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന ഉത്തരവു പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ളിക് എന്റർപ്രൈസസ് മന്ത്രാലയം സെക്രട്ടറി നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളി.

കമ്പനിയുടെ ഒാഹരി സംസ്ഥാന സർക്കാരിനു കൈമാറാനാണ് കരാർ ഉണ്ടാക്കിയത്. ഇതിൽ തുടർനടപടികൾ ഉണ്ടാകാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി ജീവനക്കാരനും എസ്.ടി.യു ജനറൽ സെക്രട്ടറിയുമായ കെ.പി. മുഹമ്മദ് അഷറഫ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് മൂന്നു മാസത്തിനകം തീരുമാനമെടുക്കാൻ 2020 ഒക്ടോബർ 13 നു നിർദ്ദേശിച്ചത്. ഇൗ വിധി പുന:പരിശോധിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരി കൈമാറാൻ സങ്കീർണ്ണമായ നടപടിക്രമങ്ങളുണ്ടെന്നും സാമ്പത്തിക കാര്യങ്ങൾ പരിഗണിക്കുന്ന കാബിനറ്റ് കമ്മിറ്റി വിഷയം പരിശോധിക്കണമെന്നുമായിരുന്നു ഹർജിയിലെ വാദം. കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഇൗ വിഷയത്തിൽ കാബിനറ്റ് നോട്ട് തയ്യാറാക്കി നീതി ആയോഗ്, സാമ്പത്തികകാര്യ മന്ത്രാലയം, കേന്ദ്ര തൊഴിൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകൾക്ക് നൽകിയെന്നും ഇവരുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ 2017 മുതൽ കേന്ദ്ര മന്ത്രാലയത്തിനു മുന്നിലുള്ള വിഷയമാണിതെന്നും ഒാഹരി കൈമാറ്റത്തിനുള്ള തീരുമാനം മരവിപ്പിച്ചതായി വാദമില്ലെന്നും വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.