leeladharan
ഫാക്ട് പി ഡി ജംഗ്ഷനിലെ തെരുവോരത്ത് 29 വർഷമായി വിഷുവിന് പടക്ക കച്ചവടം ചെയ്യുന്ന ലീലാധരൻ

കളമശേരി: പതിവു തെറ്റിക്കാതെ ഇത്തവണയും ലീലാധരന്റെ പടക്കക്കച്ചവടം ഉഷാറായിക്കഴിഞ്ഞു. 29 വർഷമായി ഏലൂർ പാറക്കൽ ലീലാധരൻ ഫാക്ട് പി.ഡി ജംഗ്ഷനിലെ വഴിയരികിൽ വിഷുവിന് പടക്ക കച്ചവടം നടത്തുന്നു. എല്ലാ ഐറ്റവും ഉണ്ടായിരിക്കണമെന്ന് നിർബ്ബന്ധമുള്ളതിനാൽ തൃശൂർ, അങ്കമാലി, ചെറായി, പറവൂർ , എറണാകുളം തുടങ്ങി പല സ്ഥലങ്ങളിൽ പോയാണ് വ്യത്യസ്ഥ തരത്തിലുള്ളവ സംഘടിപ്പിക്കുന്നത്. ഇതിനായി ഏകദേശം ഇരുപതിനായിരം രൂപ മുടക്കുമെന്നാണ് ലീലാധരൻ പറയുന്നത്. കഴിഞ്ഞ തവണ കൊവിഡ് കാരണം കച്ചവടം ചെയ്തില്ല. ആകാശത്തേക്ക് ഉയർന്ന് പൊട്ടി പാരച്യൂട്ടായി താഴേക്ക് പറന്നിറങ്ങുന്ന റോക്കറ്റ് ഇനമുണ്ടായിരുന്നത് ഇപ്പോൾ കിട്ടുന്നില്ലെന്നാണ് പരാതി. ന്യായമായ വിലക്ക് വിൽക്കുന്നതിനാൽ നല്ല കച്ചവടം കിട്ടുന്നുണ്ടെന്നും വല്ലപ്പോഴുമാണ് സാധനങ്ങൾ ബാക്കി വരാറുള്ളതെന്നും അത് മറ്റ് എന്തെങ്കിലും ആഘോഷത്തിന് സൗജന്യമായ് നൽകുകയും ചെയ്യുമെന്ന് ലീലാധരൻ പറഞ്ഞു. പടക്കത്തോടൊപ്പം ലോട്ടറി വിൽപ്പനയുമുള്ളതിനാൽ പടക്കം വാങ്ങാനെത്തുന്നവർക്ക് ഭാഗ്യവും പരീക്ഷിക്കാം.