കൊച്ചി:സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഒരുങ്ങി എക്സൈസ്. സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം ഔട്ട്ലറ്റുകൾ വഴിയുള്ള മദ്യത്തിരിമറിക്ക് പൂട്ടിടുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണ് സൂചന.
ആദ്യപടിയായി ഔട്ട് ലെറ്റുകളിലെ സി.സി.ടിവി ദൃശ്യങ്ങൾ ഏകീകൃത ശൃംഖലയിലൂടെ എക്സൈസിന്റെ ജില്ലാ ആസ്ഥാനങ്ങളിലെ കൺട്രോൾ റൂമിലേക്ക് എത്തിക്കും. അതാത് ഡെപ്യൂട്ടി കമ്മിഷണർക്കാണ് നിരീക്ഷണ ചുമതല.
ഔട്ട്ലറ്രുകളിൽ ഭൂരിഭാഗവും സി.സി.ടിവി നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. സി.സി.ടിവി ഇല്ലാത്ത ഔട്ട്ലറ്റുകളിലെല്ലാം ഇതു സ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.
നിരീക്ഷണത്തിലായി
വെയർ ഹൗസുകൾ
സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ ഇതിനോടകം എക്സൈസിന്റെ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് വെയർഹൗസുകളിൽ സി.സി.ടിവി കാമറകൾ സ്ഥാപിച്ചത്. എറണാകുളത്ത് നടപ്പാക്കിയ പദ്ധതി മറ്ര് ജില്ലകളിലും ആരംഭിക്കുകയായിരുന്നു.
270
സംസ്ഥാനത്ത് 270 ബീവറേജസ് ഔട്ട്ലറ്റുകളാണുള്ളത്. ഇതിൽ അഞ്ചെണ്ണം അടഞ്ഞു കിടക്കുകയാണ്. 48 സ്ഥാപനങ്ങൾ സിവിൽ സപ്ലൈസിന് കീഴിലാണ്.
ബീവറേജസ് ഔട്ട്ലറ്റുകൾ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സി.സി.ടിവി ദൃശ്യങ്ങൾ എക്സൈസ് ജില്ലാ ആസ്ഥാനത്ത് എത്തിക്കും. ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിലെ വെയർഹൗസുകൾ സി.സി.ടിവി നിരീക്ഷണത്തിലാണ്.
അശോക് കുമാർ
ഡെപ്യൂട്ടി കമ്മിഷണർ
എക്സൈസ്
കൊച്ചി