കൊച്ചി: കൊവിഡ് വ്യാപനത്തെ ചെറുക്കാൻ ഹോട്ടലുകൾ രാത്രി 9ന് അടയ്ക്കണമെന്ന നിർദ്ദേശം അപ്രായോഗികമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ. അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് പൊതുജനങ്ങളും വ്യാപാരികളുമാണ്. ഒരുവർഷമായി കൊവിഡിനെ തുടർന്ന് കടുത്ത മാന്ദ്യത്തിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് പുതിയ സമയ നിയന്ത്രണം കടുത്ത പ്രതിസന്ധിയാകും. പകുതി സീറ്റുകളിൽ മാത്രം ആളുകളെ കയറ്റാൻ പാടുള്ളുവെന്ന നിർദ്ദേശവും വിചിത്രമാണ്. ഇരുപതിൽ താഴെ സീറ്റുകളുള്ള ഹോട്ടലുകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. റംസാൻ നോമ്പ് കാലത്ത് പകൽ വ്യാപാരം 60 ശതമാനം കുറവുണ്ടാകും. ഈ കാലത്ത് രാത്രി വ്യാപാരത്തിലൂടെയാണ് ഹോട്ടലുകൾ പിടിച്ചുനിൽക്കുന്നത്. അതുകൊണ്ട് കടുത്ത നിയന്ത്രണങ്ങൾ പാലിച്ച് രാത്രി 11 വരെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്ദീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.