lyssy
ഹൗസ് ചലഞ്ച് പദ്ധതി പ്രകാരം നിർമ്മിച്ച ഒരു വീടിനു മുന്നിൽ സിസ്റ്റർ ലിസി

കൊച്ചി: 'വിഷുക്കൈനീട്ടമായി കിട്ടിയ 20 സെന്റ് ഭൂമി, അതിൽ 12 കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള സ്വപ്നക്കൂട്" - തോപ്പുംപടി ഔവർ ലേഡീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലയ്‌ക്കലിന്റെ ഇത്തവണത്തെ വിഷു ആഘോഷത്തിന് പ്രത്യേകതകളേറെയാണ്. കോട്ടയം ദേവലോകം കൊട്ടാത്തറ ജോസ് തോമസും ഭാര്യ ഡോ. എൽസി തോമസുമാണ് എടക്കാട്ടുവയൽ കൈപ്പട്ടൂരിലെ സ്ഥലം പകുത്തുനൽകിയത്.

സിസ്റ്റർ ലിസി ചക്കാലയ്‌ക്കൽ എട്ടുവർഷം മുമ്പ് തുടങ്ങിയ 'ഹൗസ് ചലഞ്ച്" പദ്ധതിയെക്കുറിച്ച് അറിഞ്ഞാണ് ജോസ് ഭൂമി നൽകിയത്. തൃക്കാക്കരയിൽ നടന്ന ചടങ്ങിൽ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ഭൂമി കൈമാറ്റം ഉദ്ഘാടനം ചെയ്‌തു. എറണാകുളത്തെ രണ്ടുപേർക്കും കോട്ടയം സ്വദേശികളായ പത്തുപേർക്കുമായി നിർമ്മിക്കുന്ന വീടുകൾ നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കും.

കോട്ടയത്തെ ചാർട്ടേഡ് അക്കൗണ്ടന്റാണ് ജോസ് തോമസ്. വിരമിച്ചശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുകയാണ് ഡോ. എൽസി. അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണിവർ.

 എട്ടു വർഷം 156 സ്‌നേഹവീടുകൾ
കെട്ടുറപ്പുള്ള വീടില്ലാത്ത വിദ്യാർത്ഥികൾക്ക് സുമനസുകളുടെ കനിവോടെ വീടു നിർമ്മിക്കുന്നതിനായാണ് 'ഹൗസ് ചലഞ്ച്" ആരംഭിച്ചത്. 150 വീടുകൾ നിർമ്മിച്ചു. ആറെണ്ണം നിർമ്മാണത്തിലാണ്.

ചെല്ലാനം സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് ആദ്യത്തെ വീട് കൈമാറിയത്. അന്ന് ആ കുടുംബത്തിന്റെയും സമീപവാസികളുടെയും മുഖത്തുകണ്ട സന്തോഷാശ്രുവാണ് സിസ്റ്റർ ലിസിക്ക് തുടർപ്രേരണയായത്. അർഹർക്ക് വീട് നൽകാനും സഹായം സ്വീകരിക്കാനും ജാതിയും മതവുമൊന്നും പരിഗണിച്ചിട്ടില്ല. സാന്തോം കോളനിയിലെ വീടുകൾ പുനർനിർമ്മിച്ചതും വൈപ്പിനിൽ ദാനംകിട്ടിയ 72 സെന്റിൽ വീടുകൾ നിർമ്മിച്ചതും നാഴികക്കല്ലായി.

' വീടില്ലാതെ കഷ്ടപ്പെടുന്ന ഒരാൾക്ക് വീടുവച്ചു നൽകുമ്പോൾ അവർ സാമൂഹ്യമായി ശാക്തീകരിക്കപ്പെടുന്നു. വിധവകളാണ് പ്രധാന ഗുണഭോക്താക്കൾ. ഹൗസ് ചലഞ്ച് ഒരു മോഡലാണ്. അത് ഒരുപാട് പേ‌‌ർ ഏറ്റെടുത്തതുതന്നെ അംഗീകാരമല്ലേ".

- സിസ്റ്റർ ലിസി ചക്കാലയ്‌ക്കൽ