crack-

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെ വിഷുക്കാലം കൂടി എത്തിയത് പടക്കവ്യാപാരികൾക്ക് അനുഗ്രഹമായി. കഴിഞ്ഞ വിഷു, ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കൊവിഡിൽ തകർന്നടിഞ്ഞത് പടക്കവ്യാപാര മേഖലയെ പ്രതിന്ധിയിലാക്കിയിരുന്നു. ഇക്കുറി തദ്ദേശതിരഞ്ഞെടുപ്പും പിന്നാലെവന്ന നിയമസഭാ തിരഞ്ഞെടുപ്പും പടക്ക വില്പനയ്ക്ക് നേട്ടമുണ്ടാക്കി. വീണ്ടും കൊവിഡ് പടരുന്നതിൽ ആശങ്കയുണ്ടെങ്കിലും വിഷുക്കച്ചവടംകൂടി കഴിഞ്ഞാൽ പ്രതിസന്ധി മറികടക്കാമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വിഷുവിനു പിന്നാലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതും വിപണിക്ക് കരുത്താകും. വിജയം ആർക്കായാലും പടക്കക്കച്ചവടം പൊടിപൊടിക്കുമെന്ന് ഉറപ്പ്.

വർണവിസ്മയം തീർക്കും
ശബ്ദമലിനീകരണം, സുരക്ഷ എന്നിവ കണക്കിലെടുത്ത് ശബ്ദം കുറവുള്ള പടക്കങ്ങളാണ് ഇത്തവണ വിപണിയിലെത്തിച്ചിരിക്കുന്നത്. വിവിധ നിറങ്ങളിലുള്ള ചൈനീസ് പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെ.180 മുതൽ 350 രൂപവരെയാണ് ഇത്തരം പടക്കങ്ങളുടെ വില. നിലചക്രം, പൂക്കുറ്റി, കമ്പിത്തിരി, സിംഗിൾ ഷോട്ട് എന്നിങ്ങനെ കുട്ടികൾക്കിഷ്ടപ്പെട്ട പടക്കങ്ങൾ സമ്മാനപൊതികളായി വാങ്ങാം. 190 രൂപമുതൽ 690 രൂപവരെയാണ് വില.

 കൈവിടരുത് സുരക്ഷ

പടക്കം പൊട്ടിക്കുന്നതു സംബന്ധിച്ച് സുരക്ഷ നിർദേശങ്ങൾ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസിവ് സേ്ര്രഫി ഓർഗനൈസേഷൻ(പെസോ) കൊച്ചിയിലെ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫിസ് പുറത്തുവിട്ടു. 125 ഡെസിബെലിൽ(എ1) കൂടുതൽ ശബ്ദശേഷിയുള്ള പടക്കങ്ങൾ, മാലപ്പടക്കം തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസിവ്‌സ് ഡോ.ആർ.വേണുഗോപാൽ വ്യക്തമാക്കി.

 ഇവ ശ്രദ്ധിക്കാം
* സുപ്രീംകോടതി നിർദ്ദേശപ്രകാരം ലൈസൻസും വിശ്വാസ്യതയുമുള്ള വില്പനക്കാരിൽ നിന്നുമാത്രം കരിമരുന്ന് ഉത്പന്നങ്ങൾ വാങ്ങുക.
പടക്കം ഉപയോഗിക്കുമ്പോൾ കുട്ടികൾക്കൊപ്പം മുതിർന്നവരും നിൽക്കുക.
*പടക്കങ്ങളിൽ നിർദേശിച്ചിട്ടുള്ള സുരക്ഷ മുൻകരുതലുകൾ പാലിക്കുക.
*പടക്കം കത്തിക്കുന്നതിന് മെഴുകുതിരിയോ ചന്ദനത്തിരിയോ ഉപയോഗിക്കുക.
*തീ നിയന്ത്രണം വിടുകയാണെങ്കിൽ അണയ്ക്കാൻ എപ്പോഴും ഒരു ബക്കറ്റ് വെള്ളം കരുതുക.
*ആകാശത്തേക്ക് വിടുന്ന പടക്കങ്ങൾ തുറസ്സായ സുരക്ഷിത സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക.
*കത്താത്ത പടക്കങ്ങൾ വെള്ളത്തിൽ മുക്കി ശരിയാം വിധം നശിപ്പിക്കുക.
* ശബ്ദമുളവാക്കുന്ന പടക്കങ്ങൾ രാത്രി പത്തിനും രാവിലെ ആറിനുമിടക്ക് ഉപയോഗിക്കരുത്.
*ഒരിക്കലും കൈയിൽ പിടിച്ച് കത്തിക്കരുത്, നിലത്തു വച്ച് കത്തിച്ചശേഷം ഓടിമാറുക. കണ്ടെയിനറിൽ വച്ചും പൊട്ടിക്കരുത്.
*മരങ്ങൾ, ഇലകൾ, വയറുകൾ പോലുള്ള തടസങ്ങളുള്ള ഭാഗത്ത് ആകാശത്തേക്ക് പോകുന്ന പടക്കങ്ങൾ പൊട്ടിക്കുന്നത് അപകടത്തിനിടയാക്കും.
*വീട്ടിനുള്ളിലും പൊതുനിരത്തിലും പടക്കം പൊട്ടിക്കരുത്.
*സ്വന്തമായി പടക്കം ഉണ്ടാക്കാനുള്ള പരീക്ഷണം നടത്തരുത്, വ്യാജ പടക്കങ്ങൾ ഉപയോഗിക്കരുത്.