tree-count

കൊച്ചി: കൊച്ചിയിലെത്ര മരങ്ങളുണ്ട് ? ആലോചിച്ച് തലപുകയ്ക്കേണ്ട. കൃത്യമായ കണക്ക് ആരുടേയും കൈയില്ല. എന്നാൽ അധികം വൈകാതെ കൃത്യമായ കണക്ക് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) പറഞ്ഞു തരും. ട്രീ മാപ്പിംഗിംഗിലൂടെ കൊച്ചിയിലെ മരങ്ങളെ ഡിജിറ്റലായി രേഖപ്പെടുത്തുന്ന നടപടികൾക്ക് വേഗം കൂട്ടിയിരിക്കുകയാണ് സി.എസ്.എം.എൽ. ഫെബ്രുവരിയിലാണ് ട്രീമാപ്പിംഗിന് തുടക്കമിട്ടത്. നിലവിൽ 400 മരങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിനെ തുടർന്ന് മന്ദഗതിയിലായ പദ്ധതിയാണ് വീണ്ടും ഊർജിതമായത്.

പൊതുജനങ്ങളിൽ പാരിസ്ഥിതിക അവബോധം വർദ്ധിപ്പിക്കുകയാണ് ട്രീ മാപ്പിംഗിന്റെ ലക്ഷ്യം.

സെർവ് ടു പ്രിസേർവ് എന്ന ആശയം ഉയർത്തി സി.എസ്.എം.എൽ ഇന്ത്യ സ്മാർട്ട് സിറ്റി ഫെല്ലോഷിപ്പും സംയുക്തമായാണ് ട്രീമാപ്പിംഗിന് തുടക്കമിട്ടത്. കൊച്ചി നഗരത്തിലെ വിവിധമേഖലകളിൽ നിലനിൽക്കുന്ന മരങ്ങൾ അവയുടെ കാലപ്പഴക്കം കൂടി ഉൾപ്പെടുത്തിയാണ് ഡിജിറ്റിലായി രേഖപ്പെടുത്തുന്നത്.

അനാവശ്യകാര്യങ്ങൾക്കായി വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നതും മറ്റുകേടു പാടുകൾ വരുത്തുന്നതും ഒഴിവാക്കുവാൻ ഉപകരിക്കുന്ന മാർഗനിർദ്ദേശങ്ങളും ഇതോടൊപ്പം നൽകുന്നുണ്ട്.

സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സ്മാർട്ട് കൊച്ചി ആപ്പ് വഴിയാണ് മാപ്പിംഗ്. ഭാവിയിൽ എവിടെയൊക്കെ വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കണം എന്നുവരെയുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. മരങ്ങൾ കുറവുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തി കൂടുതൽ പരിസ്ഥിതിപരിപാലന പ്രവർത്തനങ്ങൾ വിപുലീകരിക്കുകയെന്നതും പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.

പബ്ലിക്കിന് പിന്നീട്

പൊതുജനങ്ങൾക്കും ടീമാപ്പിംഗിന് അവസരം ഒരുക്കുമെന്നാണ് സി.എസ്.എം.എൽ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സെ‌‌ർവറിന്റെ കാര്യക്ഷമത കൂടുതൽ ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനാൽ ഉടൻ ഇത്തരമൊരു അവസരം ഉണ്ടാകില്ലെന്ന് സി.എസ്.എം.എൽ വൃത്തങ്ങൾ പറഞ്ഞു. പിന്നീട് ഇതിന് സൗകര്യം ഒരുക്കും.