കൊച്ചി: സൗജന്യ റേഷൻ കിറ്റ് വിതരണം മുതൽ 15 രൂപയുടെ സൗജന്യ അരി വിതരണം വരെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്വാഹ. നിലവിൽ റേഷൻ കടകളിൽ വിതരണം ചെയ്യാൻ അരിയും സാധനങ്ങളും സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. സ്റ്റോക്കുള്ളത് വിറ്റഴിക്കാനായുള്ള മൈനസ് ബില്ലിംഗ് സാധിക്കാത്തതിനാൽ അരി വിതരണം ചെയ്യാനും സാധിക്കുന്നില്ല. സൗജന്യ റേഷൻ കിറ്റ് വിതരണത്തോടൊപ്പം തന്നെ ഈ മാസത്തെ റേഷൻ വിതരണവും പാതി വഴിയിലാണ്. കടകളിൽ അരി എത്തുന്നതിലെ കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ റേഷൻ കടകളുടെ പ്രവർത്തനങ്ങൾ പലതും താളം തെറ്റി.
വിഷുവിന് മുമ്പായി ഏപ്രിൽ മാസത്തെ സൗജന്യ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ 70 ശതമാനം കടകളിലും കിറ്റ് ലഭിച്ചിട്ടില്ല. നീല, വെള്ള കാർഡുകൾക്കൾക്കാണ് കിറ്റ് ലഭിക്കാതെയുള്ളത്. വരും ദിവസങ്ങളിൽ കിറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് റേഷൻ കട ഉടമകൾ പറയുന്നു. മാർച്ച് മാസത്തെ കിറ്റുകളും മുൻഗണനേതര വിഭാഗത്തിനും സ്റ്റേറ്റ് സബ്‌സിഡിയോട് കൂടിയ മുൻഗണനാ വിഭാഗത്തിനും ലഭിക്കാനുണ്ട്. നിലവിൽ ഭക്ഷ്യകിറ്റുകൾ കടകളിലേക്ക് എത്തിക്കുന്നത് നിലച്ചിരിക്കുകയാണ്.
15 രൂപയുടെ അരി വിതരണം നടന്നില്ല
വെള്ള, മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ സബ്‌സിഡിയോടെ നൽകുന്ന 15 രൂപയുടെ അരി ഇതു വരെ വിതരണം ചെയ്തിട്ടില്ല. വിഷു, ഈസ്റ്റർ തുടങ്ങിയ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് അരി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പലയിടങ്ങളിലും അരി എത്തിയിട്ടില്ല. പലയിടങ്ങളിലും സ്റ്റോക്ക് പൂർണമായി എത്തിയ ശേഷം വിതരണം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം ഇതോടെ വിതരണം പൂർണമായും നിലച്ചു. ഭക്ഷ്യധാന്യ അലോട്ട്‌മെന്റ് വൈകുന്നതിനാൽ പല കടകളിലും സ്റ്റോക്ക് എത്തിയിട്ടുമില്ല. സാധാരണ റേഷൻ വിഹിതത്തിന് പുറമേ നീല, വെള്ള കാർഡുകൾക്ക് നൽകുന്ന അരിയാണിത്. 150 ലക്ഷത്തോളം നീല, വെള്ള കാർഡ് ഉടമകളുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരാത്ത കാർഡുടമകൾക്കാണ് സബ്‌സിഡി നിരക്കിൽ സർക്കാർ അരി വിതരണം ചെയ്യുന്നത്. 22.50 രൂപയ്ക്ക് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ (എഫ്.സി.ഐ) നിന്ന് വാങ്ങുന്ന അരിയാണ് 15 രൂപ നിരക്കിൽ 10 കിലോ വീതം കാർഡുടമകൾക്ക് നൽകുന്നത്. ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഇവ വിതരണം ചെയ്യുമെന്ന് അറിയിച്ചെങ്കിലും തുടർനടപടികൾ ആയിട്ടില്ല.
സർക്കാർ കണ്ണടയ്ക്കുന്നു:
തിരഞ്ഞെടുപ്പിന് ശേഷം റേഷൻ വിതരണം പൂർണമായും താറുമാറായ സ്ഥിതിയാണ്. പലയിടങ്ങളിലും വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല. കാര്യക്ഷമമായി വിതരണം നടത്തിയിരുന്ന മേഖലയിൽ ഇപ്പോൾ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. ഒപ്പം അടിക്കടിയുണ്ടാവുന്ന സർവർ തകരാറുകളും വിതരണത്തെ സാരമായി ബാധിക്കുന്നുണ്ട്.
ജോണി നെല്ലൂർ
പ്രസിഡന്റ്
ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ