കൊച്ചി: മുന്നറിയിപ്പിലാതെ ഗ്യാസ് ഏജൻസി അടച്ചതോടെ വിഷുവിന് പാചകവാതകം കിട്ടാതെ നാട്ടുകാർ നെട്ടോട്ടത്തിൽ. മുളന്തുരുത്തിയിലെ ഇന്ത്യൻ ഓയിൽ ഗ്യാസ് ഏജൻസിയായ കൈരളി ഏജൻസിയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി പൂട്ടിക്കിടക്കുന്നത്. ദിവസവും ഗുണഭോക്താക്കൾ ഗ്യാസു കുറ്റിയുമായി ഏജൻസി കയറിയിറങ്ങുകയാണ്. ഇതോടെ വിഷു കരുതി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഗ്യാസ് കിട്ടാത്ത സ്ഥിതിയായി.
കൈരളി ഗ്യാസ് ഏജൻസി പണം അടയ്ക്കാത്തതിനെ തുടർന്ന്‌ ആഴ്ചകളായി ലോഡ് വരവ് നിലച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇതോടെ ആമ്പല്ലൂർ, പെരുമ്പളം എന്നിവിടങ്ങളിൽ ഗ്യാസ് വിതരണം മുടങ്ങി. മുളന്തുരുത്തിയിൽ ഇന്ത്യൻ ഓയിൽ ഗ്യാസ് വിതരണം നടത്തുന്ന ഏക ഏജസിയാണ് കൈരളി. നിലവിൽ പതിനായിരത്തിലേറെ കുടുംബങ്ങൾ ഏജൻസിയുടെ കീഴിലുണ്ട്.

ഇന്നലെ വൈകിട്ടോടെ ലോഡ് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി വൈകിയും ഏജൻസിയ്ക്ക് മുന്നിൽ കാത്തു നിന്നവർക്ക് നിരാശയായിരുന്നു ഫലം. സാധാരണ ഗ്യാസ് ഏജൻസികൾ വിതരണം നിർത്തിവെച്ചാൽ ഉപഭോക്താക്കളെ മറ്റു ഏജൻസികളിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും നടപടികൾ ഒന്നും തന്നെ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല.