agnal
ആഗ്നൽ ബിനോയ്

കിഴക്കമ്പലം: പട്ടിമ​റ്റത്ത് ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തടഞ്ഞ് തലയ്‌ക്കടിച്ച് വീഴ്‌ത്തി‌ സ്‌കൂട്ടറും 15000 രൂപയും കവർന്ന കേസിൽ ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കൽ ആഗ്‌നൽ ബിനോയി (23), തൃശുർ കൊടുങ്ങല്ലൂർ എസ്.എൻ പുരം പള്ളിപ്പാട്ട് മുഹമ്മദ് ഷാഫി (31), കല്ലൂർ മുട്ടിത്തടി തയ്യിൽ അനൂപ് (മാടപ്രാവ് - 33) എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 19ന് രാത്രി 7.45നാണ് പട്ടിമറ്റം അനിൽവിഹാറിൽ ജ്യോതിയെ പട്ടിമറ്റം - കോലഞ്ചേരി റോഡിൽ പുത്തൻകോട്ട അമ്പലത്തിലേക്ക് പോകുന്ന വഴിയിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് ആക്രമിച്ച് സ്‌കൂട്ടറും പണവും മൊബൈൽഫോണും കവർന്നത്. സ്‌കൂട്ടർ പിറ്റേന്ന് പി.പി. റോഡിൽ കോട്ടമല ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്നു വർഷം മുമ്പ് വീട്ടമ്മ ജോലി ചെയ്തിരുന്ന കടയിൽ ആഗ്‌നൽ ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വണ്ടിയിൽ പണമുണ്ടെന്ന് മനസിലാക്കിയാണ് ക്രിമിനൽ പശ്ചാത്തലമുള്ള മ​റ്റ് പ്രതികളുമൊന്നിച്ച് കൂടിയാലോചന നടത്തി കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിൽ പ്രതികളെ ഒല്ലൂർ, വരന്തരപ്പിള്ളി, പെരുമ്പിലാവ് എന്നിവിടങ്ങളിൽ നിന്നാണ് അറസ്​റ്റ് ചെയ്തത്. 2020 ഡിസംബറിൽ നെടുമ്പാശ്ശേരി പൊലീസ് സ്​റ്റേഷൻ പരിധിയിൽ മാല മോഷണക്കേസിൽ അറസ്​റ്റിലായ ആഗ്‌നൽ ജയിൽ മോചിതനായ ശേഷമാണ് ഈ കേസിൽ ഉൾപ്പെടത്. അനൂപിന് വരന്തരപ്പിള്ളി, മതിലകം, ഒല്ലൂർ, പുതുക്കാട്, എറണാകുളം നോർത്ത്, മഞ്ചേരി, കൽപ്പ​റ്റ സ്​റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, കവർച്ച കേസുകൾ നിലവിലുണ്ട്. നാലു മാസം മുമ്പാണ് ജയിൽ മോചിതനായത്.

പെരുമ്പാവൂർ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ സി. ബിനുകുമാർ, സബ്ബ് ഇൻസ്‌പെക്ടർ എബി ജോർജ്ജ്, എ.എസ്.ഐ എം.എ. സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ. അബ്ദുൾമനാഫ്, എൻ.എ. അജീഷ്, ​റ്റി.എ. അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.