കൊച്ചി: അടുത്തമാസം അധികാരത്തിലെത്തുന്ന സർക്കാർ സ്റ്റേജ് കലാകാരന്മാരോട് കനിവുകാട്ടണമെന്ന് കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ് പറഞ്ഞു. ഫേസ് ബുക്ക് ലൈവിലൂടെയാണ് പ്രസാദിന്റെ നിവേദനം.

2018 മുതൽ ആവർത്തിച്ചുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും ഒരുവർഷത്തിലേറെയായി നിലനിൽക്കുന്ന മഹാമാരിയും കാരണം ഏറെ പ്രതിസന്ധിയിലായത് കേരളത്തിലെ സ്റ്റേജ് കലാകാരന്മാരാണ്. ഉത്സവങ്ങളും പെരുന്നാളുകളുമൊക്കെ വേണ്ടന്നുവച്ചപ്പോൾ മുൻകൂട്ടി ബുക്കുചെയ്ത് അഡ്വാൻസ് വാങ്ങിയ പരിപാടിപോലും റദ്ദാക്കപ്പെട്ടു. നാടകം, നൃത്തം, കഥകളി, ഓട്ടൻതുള്ളൽ, ബാലെ, മിമിക്രി, ഗാനമേള, നാടൻപാട്ട് തുടങ്ങി സ്റ്റേജ് നിരവധി കലാകാരന്മാരും അവരെ ചുറ്റിപ്പറ്റിയുള്ള കലാപരിശീലകർ, ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്റർമാർ, വാദ്യമേളക്കാർ തുടങ്ങി ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളെയും പരാമർശിക്കുന്ന പ്രകടനപത്രികകളാണ് ഓരോ മുന്നണിയും മത്സരിച്ച് അവതരിപ്പിച്ചത്. കർഷകർ, വീട്ടമ്മമാർ, വൃദ്ധജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ളവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. അതിൽ സന്തോഷിക്കുന്നതിനൊപ്പം അസംഘടിതരായ ആയിരക്കണക്കിന് കലാകാരന്മാരെ അവഗണിച്ചതിൽ പ്രതിഷേധമുണ്ടെന്നും പ്രസാദ് പറഞ്ഞു.

എല്ലാദിവസവും വീട്ടിലെ ടെലിവിഷൻ സെറ്റിനുമുമ്പിലിരുന്ന് കോമഡിയും സീരിയലുമൊക്കെ കണ്ട് ആസ്വദിക്കുന്നവരാണ് മലയാളികളിൽ. ഈ പരിപാടികളൊന്നും ഇല്ലായിരുന്നുവെങ്കിൽ ജീവിതം എത്രമാത്രം വരണ്ടതാകുമായിരുന്നുവെന്ന് ആലോചിക്കണം. അതേസമയം കലാപരിപാടികൾ ഉപജീവനമാക്കിയവരിൽ ആയിരത്തിലൊരാൾക്ക് മാത്രമാണ് ടി.വി യിലും മറ്റും അവസരം ലഭിക്കുന്നത്. അതുകൊണ്ട് അവശതയനുഭവിക്കുന്ന കലാകാരന്മാരുടെ പ്രശ്നങ്ങൾ കേൾക്കാനും അനുഭാവപൂർവം പരിഹാരംകാണാനും പുതിയ സർക്കാർ മുൻകൈ എടുക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു.