കൊച്ചി: പഠനകാലത്ത് കോളേജ് മാഗസിനിൽ അദ്ധ്യാപകൻ കുറിച്ചിട്ട കവിതാ ശകലങ്ങൾക്ക് സംഗീതം നൽകി ആൽബമായി പുനരാവിഷ്‌കരിക്കുകയാണ് വിദ്യാർത്ഥികൾ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ബാബു വർഗീസിനാണ് സൗഭാഗ്യ ഗുരുദക്ഷിണ.
ഒമ്പതുവർഷംമുമ്പ് കൊടകര സഹൃദയ കോളേജിൽ ബാബു വർഗീസ് പഠിപ്പിച്ച ലിയോ ആന്റണിയെന്ന വിദ്യാർത്ഥിയാണ് ആൽബത്തിന്റെ സംഗീത സംവിധാനം. 'ഇരുൾച്ചിറകുമായി പടികടന്നെത്തുന്ന ഈരാത്രി തൻ...' എന്നു തുടങ്ങുന്ന വരികളിൽ നഷ്ടപ്രണയത്തിന്റെ വേദനയാണ് നിറയുന്നത്.
1997ൽ കോളേജ് മാഗസിനിലാണ് ബാബുവർഗീസിന്റെ 'പ്രണയ സങ്കീർത്തനങ്ങൾ' പ്രസിദ്ധീകരിച്ചത്. സംഗീത ആൽബം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ഹിറ്റ് ചാർട്ടിലിടം പിടിച്ച ആൽബം കണ്ടത് പതിനേഴായിരത്തിലധികം പേരാണ്. കാലമേറെ പോയെങ്കിലും വരികളുടെ പ്രണയസുഗന്ധത്തിന് മങ്ങലേറ്റിട്ടില്ല. നെതർലാൻഡിൽ സീനിയർ ശാസ്ത്രജ്ഞനായ ബാബു വർഗീസ് കോളേജുകാലം മുതൽതന്നെ സാഹിത്യരംഗത്ത് സജീവമായിരുന്നു.
നകുൽ നാരായണനും ലുലു മാത്യുവും ചേർന്നാണ് ആലാപനം. നകുൽ നാരായണൻ, രേഷ്മ നാരായണൻ, സോന സാജൻ എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചത്. മഞ്ജു വാരിയരും മധു ബാലകൃഷ്ണനും ചേർന്നാണ് ആൽബം റിലീസ് ചെയ്തത്.