മൂവാറ്റുപുഴ: മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയ ഹോട്ടൽ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അടപ്പിച്ചു. എവറസ്റ്റ് കവലയിൽ അന്യ സംസ്ഥാനക്കാരനായ യുവാവ് നടത്തി വന്നിരുന്ന ഹോട്ടലിനാണ് പൂട്ട് വീണത്. ഹോട്ടലിലെ വൻതോതിലുള്ള മാലിന്യങ്ങൾ പൊതു ഓടയിലേക്ക് ഒഴുക്കിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അടുക്കളയിൽ നിന്ന് പ്രത്യേക കുഴൽ വഴി ഓടയിലേക്ക് മാലിന്യം ഒഴുക്കുകയായിരുന്നു.
ഒറ്റനോട്ടത്തിൽ കുഴലുകൾ ദൃശ്യമാകാതിരിക്കാൻ കോൺക്രീറ്റ് കവചവും തീർത്തിരുന്നു. ദിവസങ്ങളായി ഈ ഭാഗത്ത് ദുർഗന്ധം അനുഭവപ്പെട്ടു വന്നതോടെ പരാതിയുമായി നാട്ടുകാർ നഗരസഭ ചെയർമാനെ സമീപിക്കുകയായിരുന്നു. ചെയർമാന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കൊടുവിലാണ് ഹോട്ടൽ മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നാതായി കണ്ടെത്തിയത്. അനധികൃത പ്രവർത്തനത്തെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ ഉടമയ്ക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹെൽത്ത് സൂപ്പർവൈസറുടെ ചുമതലയുള്ള കെ.വി വിൻസെന്റ്, ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സുബൈർ റാവുത്തർ, അഷറഫ്, എൻ ഷീന എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.