പറവൂർ: പറവൂർ, വൈപ്പിൻ മേഖലയിൽ രണ്ടു ദിവസം കുടിവെള്ള വിതരണം തടസപ്പെട്ടു. പറവൂർ സബ് ഡിവിഷന് കീഴിൽ വരുന്ന പറവൂർ നഗരസഭ, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് കുടിവെള്ളം മുടങ്ങിയത്. 12ന് ചൊവ്വര ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പറവൂരിൽ നിന്നും പമ്പിംഗ് ഉണ്ടാവില്ലെന്ന് അറിയിപ്പുണ്ടായിരുന്നു. ഈ ദിവസം ഏഴിക്കര ഭാഗത്തേക്കുള്ള പൈപ്പിൽ ഫ്ളോമീറ്റർ സ്ഥാപിക്കാനും നിശ്ചയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ മഴ മൂലം ഫ്ളോമീറ്റർ സ്ഥാപിച്ചില്ല . ഇതിനാൽ ഇന്നലെയും പമ്പിംഗ് പുനസ്ഥാപിക്കാൻ സാധിച്ചില്ല. വൈകിട്ടോടെ പമ്പിംഗ് ആരംഭിച്ചെങ്കിലും പല ഭാഗങ്ങളിലും കുടിവെള്ളം എത്തിയട്ടില്ല. വിഷുവിന്റെ തലേന്ന് കുടിവെള്ളം മുടങ്ങിയതോടെ വെള്ളമില്ലാത്ത വിഷുവായി മാറുമോയെന്ന് അശങ്കയിലാണ് ജനങ്ങൾ. വൈപ്പിൻ മേഖലയിലേയ്ക്കുള്ള പൈപ്പുകളിൽ മാത്രമാണ് നിലവിൽ ഫ്ളോമീറ്റർ ഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മേഖലയിലേയ്ക്കുമുള്ള പൈപ്പുകളിലും ഫ്ളോമീറ്റർ ഘടിപ്പിക്കാനാണ് പദ്ധതി. ഓരോ മേഖലയിലേക്കുമുള്ള വൈള്ളത്തിന്റെ കണക്ക് അറിയാനാണിത്.