നെടുമ്പാശേരി: വീട്ടിൽ ആളില്ലാത്ത സമയത്ത് സ്വകാര്യ കരാറുകാരൻ വീട്ടമ്മയുടെ വീട്ടുവളപ്പിലത്തെി വൃക്ഷങ്ങളും വിളകളും നശിപ്പിക്കുകയും പറമ്പിൽനിന്ന് അനധികൃതമായി മണ്ണെടുത്തതായും പരാതി. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് പുറയാർ ഗാന്ധിപുരം തോപ്പിൽ വീട്ടിൽ പരേതനായ അമീറുദ്ദീൻെറ ഭാര്യ അസ്മാബിയാണ് പരാതിക്കാരി.

പെരിയാറിൻെറ കൈവഴിയായ തൂമ്പാത്തോടിനോട് ചേർന്ന കടവിനടുത്താണ് സംഭവം. അസ്മാബിയും കുടുംബാംഗങ്ങളും പുറത്തുപോയ സമയത്ത് എക്‌സ്‌കവേറ്ററത്തെിച്ച് അനുവാദമില്ലാതെ കരാറുകാരൻ ഭൂമി കൈയേറുകയായിരുന്നുവെന്നാണ് പരാതി. വൃക്ഷങ്ങൾക്ക് കേടുപാടുണ്ടാക്കുകയും പറമ്പിൽ അഗാധഗർത്തമുണ്ടാക്കുകയും ചെയ്തു. പറമ്പിലെ ജാതി അടക്കമുള്ള ഫലവൃക്ഷങ്ങൾ വെള്ളം നനക്കാൻ പറ്റാത്തവിധം ചുവട്ടിലെ മണ്ണിളകി ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലുമാണ്. മഴപെയ്താൽ പറമ്പിലെ മണ്ണ് കുത്തിയൊലിച്ച് പുഴയിലേക്കൊഴുകുകയും വൃക്ഷങ്ങൾ കടപുഴകി മറിയുന്ന സ്ഥിതിയുമാണ്.

തൂമ്പാത്തോട്ടിലെ നീരൊഴുക്കിനെ സാരമായി ബാധിക്കുംവിധമാണ് കുഴിച്ചെടുത്ത മണ്ണ് പുഴയരികിൽ മണ്ണ് ശേഖരിച്ചിട്ടുള്ളതെന്നും പരാതിയുണ്ട്. നടപടി ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും ജില്ലാ റൂറൽ എസ്.പി, ഡി.ഐ.ജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവർക്ക് അസ്മാബി പരാതി നൽകി.