കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഇവരെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഏപ്രിൽ 16 നു പരിഗണിക്കാൻ മാറ്റി. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്ജി സുരേഷ് കുമാറാണ് ഇന്നലെ അപേക്ഷ പരിഗണിച്ചത്.
അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയെ ഇ.ഡിയുടെ അഭിഭാഷകൻ എതിർത്തു. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്. ഇതിനെതിരെ ഇ.ഡി നൽകിയ ഹർജി ഹൈക്കോടതി ഏപ്രിൽ 16നു വിധി പറയാൻ മാറ്റിയിരിക്കുകയാണെന്നും കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ടെന്നും ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ടി.എ. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. എന്നാൽ സാക്ഷികളെ വിളിച്ചു വരുത്തുന്നതടക്കമുള്ള കർശന നടപടികളാണ് തടഞ്ഞതെന്നും അന്വേഷണം തുടരാൻ തടസമില്ലെന്നും ക്രൈംബ്രാഞ്ച് വാദിച്ചു. തുടർന്നാണ് ഹൈക്കോടതിയുടെ വിധി വരുന്ന 16ലേക്ക് ഹർജി മാറ്റിയത്.
സ്വർണക്കടത്ത്: കോടതി മാറ്റണമെന്ന്
ഇ.ഡി, എതിർത്ത് എൻ.ഐ.എ
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പട്ട് എൻ.ഐ.എ എടുത്ത കേസിന്റെ വിചാരണ ഇ.ഡിയുടെ കേസ് പരിഗണിക്കുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി ഉദ്യോഗസ്ഥർ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ എൻ.ഐ.എ ഇക്കാര്യമെതിർത്തു. തുടർന്ന് കൂടുതൽ വാദത്തിനായി അപേക്ഷ അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
സ്വർണക്കടത്തുകേസിലെ പ്രതികൾ അനധികൃതമായി പണം സമ്പാദിച്ചത് ഭീകരപ്രവർത്തനങ്ങൾക്കു വേണ്ടിയാണെന്നും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കുന്ന നടപടിയാണ് പ്രതികൾ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് എൻ.ഐ.എ കേസെടുത്തത്. എൻ.ഐ.എ കേസിന്റെ അനുബന്ധമായാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി കേസെടുത്തത്. ഇരു കേസുകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഒരു കോടതിയിൽ വിചാരണനടത്തുന്നതാണ് ഉചിതമെന്നും നിയമത്തിൽ ഇതനുവദിക്കുന്നുണ്ടെന്നും ഇ.ഡിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
എന്നാൽ എൻ.ഐ.എയുടെ കേസുകൾ എൻ.ഐ.എ കോടതിയിലാണ് വിചാരണനടത്തേണ്ടതെന്ന് എൻ.ഐ.എയുടെ അഭിഭാഷകൻ വാദിച്ചു. ഇത്തരമൊരു ആവശ്യം ഇ.ഡി ഉന്നയിക്കുന്നതിനെന്തിനാണെന്ന് ഇൗ ഘട്ടത്തിൽ കോടതി വാക്കാൽ ചോദിച്ചു. കേസ് നടത്തിപ്പിന്റെ സൗകര്യത്തിനാണെന്നായിരുന്നു ഇ.ഡിയുടെ മറുപടി.
സ്വർണക്കടത്ത് : സന്ദീപിന്റെ ജാമ്യാപേക്ഷ മാറ്റി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി സന്ദീപ് നായർ നൽകിയ ഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. നേരത്തെ കസ്റ്റംസിന്റെ കേസിലും എൻ.ഐ.എയുടെ കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. ഇ.ഡിയുടെ കേസ് മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഫെപോസ പ്രകാരം സന്ദീപിനെ കരുതൽ തടവിലാക്കിയിരിക്കുന്നതിനാൽ ഇ.ഡിയുടെ കേസിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാൻ കഴിയില്ല.