പെരുമ്പാവൂർ: നഗരത്തിലെ വൈദ്യുത തടസത്തിന് പരിഹരമായ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി ഇന്ന് മുതൽ ആരംഭിക്കും.പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭ്യമായതിനെത്തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം.എൽ. എ ഓഫീസിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ടെൻഡർ നടപടികൾ മുൻപ് പൂർത്തീകരിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല.

പ്രാഥമിക പരിശോധന പൂർത്തിയാക്കി

രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക പരിശോധന വൈദ്യുതി വകുപ്പ് പൂർത്തിയാക്കി. ഔഷധി ജംഗ്ഷനിൽ ജല വകുപ്പിന്റെ പൈപ്പ് ലൈൻ കടന്ന് പോകുന്നതിനാൽ റോഡിന് മുകളിൽ കൂടിയായിരിക്കും കേബിളുകൾ വലിക്കുന്നത്.

കേബിളുകൾ സ്ഥാപിക്കുന്നത് രണ്ട് ഫീഡറുകളായി

രണ്ട് മാസങ്ങൾ കൊണ്ട് പദ്ധതി പൂർത്തീകരിക്കും. ഫാത്തിമ കൺസ്ട്രക്ഷനാണ് വൈദ്യുതി വകുപ്പിന് വേണ്ടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.മുടിക്കൽ സബ് സ്റ്റേഷനിൽ നിന്ന് രണ്ട് ഫീഡറുകളിലായിട്ടാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ആലുവ മൂന്നാർ റോഡിൽ പാലക്കാട്ടുതാഴം മുതൽ യൂണിയൻ ബാങ്ക് ജംഗ്ഷൻ വരെയാണ് ഒന്നാമത്തെ കേബിൾ സ്ഥാപിക്കുന്നത്. സീമാസ് മുതൽ കുഴിപ്പിള്ളിക്കാവ് വഴി എം.സി റോഡിലൂടെ കിച്ചൻ മാർട്ട് പരിസരം വഴി ഔഷധി ജംഗ്ഷനിലൂടെ അയ്യപ്പ ക്ഷേത്രം വഴി മിനി സിവിൽ സ്റ്റേഷന് മുന്നിലൂടെ യൂണിയൻ ബാങ്ക് ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിലാണ് രണ്ടാമത്തെ കേബിൾ സ്ഥാപിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നത് ദ്യുതിയിലൂടെ

ദ്യുതി പദ്ധതിയിൽ അനുവദിച്ച 20 കോടി രൂപയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.നാലര കോടി രൂപയാണ് ഏഴ് കിലോമീറ്റർ ദൂരത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് പ്രതീക്ഷിക്കുന്നത്. റോഡിന് വശത്ത് കൂടി കേബിളുകൾ സ്ഥാപയ്ക്കുന്നതിന് എച്ച്. ഡി.ഡി മാതൃകയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.