vaiga

സിനിമാക്കാരെ വിളിച്ചുവരുത്തുംതൃക്കാക്കര: മുട്ടാർപുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് സാനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിലെ അഞ്ചു പേരെ ഇന്നലെ കൊച്ചി പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു.

പത്ത് ലക്ഷം രൂപയ്ക്ക് സാനുവിൽ നിന്ന് വീട് പണയം വാങ്ങിയ ആൾ, സാനു മയങ്ങിയ അവസ്ഥയിൽ വൈഗയെ തോളിലേറ്റി കാറിലേക്ക് കൊണ്ടുപോയെന്ന് മൊഴി നൽകിയ ആൾ, ഫ്ളാറ്റിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി, വൈഗയുടെ ഫ്ളാറ്റിന്റെ നേരെ എതിർവശത്തുള്ള താമസക്കാരൻ, സാനുവിനും കുടുംബത്തിനുമൊപ്പം കൊല്ലൂർ മൂകാംബികയിലും മറ്റും പതിവായി തീർത്ഥാടനത്തിന് പോകാറുള്ള കുടുംബത്തിലെ അംഗം എന്നിവരാണിവർ. ഇവരിൽ ചിലരെ മുമ്പും പലവട്ടം ചോദ്യം ചെയ്തിട്ടുള്ളതാണ്. മൊഴികളിലെ വൈരുദ്ധ്യം മൂലമാണ് വീണ്ടും വിളിപ്പിക്കുന്നത്. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്നരവരെ നീണ്ടു.

വൈഗയുടെ മരണം സംഭവിച്ച മാർച്ച് മൂന്നാം വാരം കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന സിനിമാ അണിയറ പ്രവർത്തകരിൽ ചിലരെ നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇന്നലെ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി ഇവിടത്തെ ചില ഫ്ളാറ്റുകൾ ദിവസവാടകയ്ക്ക് ഉൾപ്പെടെ നൽകുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

 അന്വേഷണ സംഘത്തെ മാറ്റിയേക്കും

വൈഗ കേസ് അന്വേഷണം കൊച്ചി പൊലീസ് കമ്മിഷണർക്ക് കീഴിലുള്ള സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചനയുണ്ട്. ഡി.സി.പി ഐശ്വര്യ ഡോംഗ്റെയുടെ നേതൃത്വത്തിൽ തന്നെയാവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇന്നലെ കമ്മിഷണർ സി.എച്ച് നാഗരാജു വിളിച്ചുചേർത്ത യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. മുട്ടാർ പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെടുത്തിട്ട് ഇന്ന് 23 ദിവസം പിന്നിടുമ്പോഴും പൊലീസിന് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.