വൈപ്പിൻ: വൈപ്പിനിലെ ഗോശ്രീ പാലങ്ങൾ നിലവിൽ വന്നിട്ട് വർഷം 17കഴിഞ്ഞെങ്കിലും ഇത് വരെ വെള്ളിച്ചം എത്തിയിട്ടില്ല.2004 മാർച്ച് 31 നാണ് പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിലൂടെ ഗതാഗതം തുടങ്ങിയിട്ടും പാലങ്ങളിൽ വെളിച്ചം ഏർപ്പെടുത്തിയിരുന്നില്ല.
അപകടകരമായ സാഹചര്യങ്ങളെയാണ് വാഹന യാത്രികർ ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നത്. എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് ഇരുചക്രവാഹനങ്ങളുടെ യാത്ര. ഇരുട്ടു മൂലം ലൈറ്റ് ഡിം ചെയ്യാതെ എതിരെ വരുന്ന വലിയ വാഹനങ്ങൾ പാലങ്ങളിൽ വലിയ അപകട സാദ്ധ്യതകളാണ് സൃഷ്ടിക്കുന്നത്. വൺവേ റോഡുകളിൽ ഹെവി വാഹനങ്ങൾ റോഡിന്റെ ഇടതു വശം ചേർന്ന് പോകണമെന്ന റോഡ് നിയമവും ഇവിടുത്തെ പല കണ്ടെയ്‌നർ ലോറികളും പാലിക്കുന്നില്ല.
പാലങ്ങൾക്കിടയിലുള്ള ഭാഗങ്ങളിലും കൂരിരുട്ടാണ്. അനധികൃത പാർക്കിംഗ് നടത്തുന്ന കണ്ടെയ്‌നർ ലോറികളുള്ള മേഖലയാണിത്. രാത്രി കാലങ്ങളിൽ ഇടറോഡുകളിൽ നിന്ന് അലക്ഷ്യമായി റോഡു കുറുകെക്കടക്കുന്ന വാഹനങ്ങളും ആളുകളും ഏത് നിമിഷവും അപകടത്തിൽപ്പെടാം.
തൊട്ടടുത്ത് കണ്ടെയ്‌നർ റോഡിലെ പണം പിരിക്കുന്ന ടോൾ പ്ലാസയിലൂടെ കടന്നു വരുന്ന വാഹനങ്ങളുടെ എണ്ണവും കൂടിയാകുമ്പോൾ ഗോശ്രീ ഒന്നാം പാലത്തിലെ വാഹനത്തിരക്ക് ഇരട്ടിയിലധികം വർദ്ധിക്കുന്നു.മൂന്ന് പാലങ്ങളിലൊന്ന് നാഷണൽ ഹൈവേ അതോറിറ്റിയുടേയും മറ്റുള്ളവ ജിഡയുടേതുമാണ്. ജിഡയുടെ പാലങ്ങൾ പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള നടപടികളിലാണിപ്പോൾ.
പ്രതിഷേധിച്ചിട്ടും ഫലമില്ല
ഇരുട്ടിലാണ്ടു കിടക്കാൻ തുടങ്ങിയ അവസ്ഥയിൽ പ്രതിഷേധിച്ച് വൈപ്പിൻ കരയിലെ വിവിധ സംഘടനകൾ നടത്തിയ സമരസമ്മർദങ്ങളുടെ ഫലമായി വിളക്ക് കാലുകൾ സ്ഥാപിക്കുകയും വയറിംഗ് നടത്തുകയും ചെയ്തു. എന്നാൽ ഫലമുണ്ടായില്ല.