പറവൂർ: അൻപത്തിനാലുകാരി കുറുമ്പത്തുരുത്ത് കോണത്ത് മോളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവുമായി പിരിഞ്ഞ മോളി 25 വർഷത്തിലേറെയായി കുറുമ്പത്തുരുത്തിൽ സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസം. തിങ്കളാഴ്ച രാവിലെയാണ് ഇവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സംസ്‌കാര ശുശ്രൂഷ നടത്താൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മോളിയുടെ ശരീരം വളരെ ശോഷിച്ച നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയശേഷമാണ് സംസ്‌കരിച്ചത്. ഇവർ താമസിച്ചിരുന്ന വീട് പൊലീസ് പൂട്ടി സീൽചെയ്തു. വീട്ടുകാരെ ബന്ധുവിന്റെ വീട്ടിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.