george

കൊച്ചി: റിട്ട. കസ്റ്റംസ് സൂപ്രണ്ട് ജോർജ് പുല്ലാട്ടിന്റെ കത്തുകളുടെ ശേഖരത്തിൽ 344 എണ്ണം പ്രണയലേഖനങ്ങളും മറുപടിയുമാണ്. ജീവിത സഖിയായി മാറിയ അയൽക്കാരിയോട് മൊട്ടിട്ട പ്രണയവും മനസുപങ്കുവയ്ക്കലും. ഇവ ഉൾപ്പെടെ 1777 കത്തുകൾ. 1971 മുതൽ 2005 വരെ പ്രിയപ്പെട്ടവർ കൈകൊണ്ട് എഴുതി അയച്ച കത്തുകൾ.

വിവരസാങ്കേതിക വിദ്യ കടലാസ് കത്തുകളെ വിഴുങ്ങുമ്പോൾ,​ ചെറുപ്പം മുതൽ കിട്ടിയ കത്തുകൾ സൂക്ഷിച്ച ജോർജിനെ തേടി മൂന്നാമത്തെ ലിംക റെക്കാഡ് എത്തി.

അയൽക്കാരി ലാലി മൂന്നാം ക്ലാസുമുതൽ ജോർജിന്റെ സഹപാഠിയായിരുന്നു. കോളേജ് കാലത്താണ് ലാലിക്ക് ആദ്യമായി പ്രണയലേഖനം അയച്ചത്. അതിന് മറുപടി ഒരു 'താക്കീത്' ആയിരുന്നു. പിന്നെ പിന്നെ അവർ അടുത്തു. ആ പ്രണയകല്ലോലിനി കത്തുകളായി ഒഴുകി. ലാലി സമ്മാനിച്ച 182 പ്രേമസന്ദേശങ്ങൾ. അതിന് ജോർജിന്റെ 162 മറുപടികൾ മാത്രം 460 പേജ് ! കല്യാണത്തിൽ കലാശിക്കുവോളം നീണ്ട കത്തെഴുത്തു മത്സരം. ജോർജിന്റെ മറുപടി ലാലിയും സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.

ഹണിമൂണിന് പോയപ്പോൾ ടെലിപ്രിന്റർ റോൾപേപ്പറിൽ എഴുതി മാതാപിതാക്കൾക്കയച്ച 12 അടി നീളമുള്ള ഭീമൻ കത്തും ശേഖരത്തിലുണ്ട്. മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളും ഹൃദയത്തിൽ നിന്ന് കുറിച്ചവാക്കുകളാണ് കത്തുകളിൽ. സാമൂഹിക പ്രവർത്തക ദയാബായിയുടെ കത്തുമുണ്ട്. നഷ്ടമാകുന്ന മനുഷ്യബന്ധങ്ങളുടെ തുടിപ്പുകൾ കത്തുകളിൽ വായിച്ചെടുക്കാം.

കഴിഞ്ഞ ദിവസം ജോർജിനെ ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ച ലിംക ബുക്ക് ഒഫ് റെക്കാഡ്സ് അധികൃതർ ഓരോ കത്തും പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി.

ജോർജിന്റെ ജീവിതയാത്ര

ആദ്യം വ്യോമസേനയിൽ. വിരമിച്ചശേഷം സ്‌കൂൾ അദ്ധ്യാപകൻ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ, കസ്റ്റംസ് സൂപ്രണ്ട്, ഗ്രന്ഥകാരൻ, മജീഷ്യൻ, മാത്തമജീഷ്യൻ, ചിത്രകാരൻ, സ്പോർട്സ് കമന്റേറ്റർ. നാലു മക്കളുണ്ട്. ജീവൻ,​ ജ്യോതിസ്,​ ജനി,​ ജ്യോതിക.

കത്തുകൾ

സുഹൃത്തുക്കൾ - 565

ബന്ധുക്കൾ - 960

വിദ്യാർത്ഥികൾ- 220

മറ്റുള്ളവർ- 32

മുൻ റെക്കാഡുകൾ

1. വ്യോമസേനയിലെ അവസാനവർഷം ബി.എഡിന് ചേർന്നു. കോഴ്സ് തീരുംമുമ്പ് വിരമിച്ച്, വിദ്യാർത്ഥിയായിരിക്കെ പെൻഷൻ വാങ്ങി. അത് ആദ്യ ലിംക റെക്കാഡായി

2. വീട്ടുമുറ്റത്ത് വളർത്തിയ നാടൻതെങ്ങിൽ നിന്ന് വർഷം ശരാശരി 360ലേറെ നാളികേരം. രാജ്യത്ത് ഏറ്റവും വിളവ് ലഭിക്കുന്ന ഒറ്റത്തെങ്ങിന്റെ ഉടമയ്ക്ക് രണ്ടാമത്തെ ലിംക റെക്കാഡ്