kk

സൗഹൃദങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും എന്നും പ്രധാന്യം നൽകിയ വിശിഷ്ട വ്യക്തിയായിരുന്നു ഡോ. എൻ. നാരായണൻ നായർ. ഞങ്ങൾ തമ്മിൽ വളരെയടുത്ത സൗഹൃദമാണുണ്ടായിരുന്നത്. ജൂനിയർ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ കീർത്തിമഹാൾ ലോഡ്‌ജിൽ വച്ചാണ് ജീവിതത്തിലാദ്യമായി നാരായണൻ നായരെ കാണുന്നത്. അന്ന് അദ്ദേഹം നിയമത്തിൽ പിഎച്ച്.ഡി ചെയ്യുന്നു. ഗവേഷണക്കുറിപ്പുകൾ തയാറാക്കാനും മറ്റുമായി പലപ്പോഴും നാരായണൻ നായർ ലോഡ്‌ജിൽ വരുമായിരുന്നു. അങ്ങനെ ഒരു ദിവസം പരിചയപ്പെട്ടു. ആ അടുപ്പം വലിയ സൗഹൃദമായി മാറി. വിപുലമായ ശിഷ്യസമ്പത്തിനൊപ്പം സുഹൃദ്‌വലയവും നാരായണൻ നായർക്ക് ഉണ്ടായിരുന്നു. കീർത്തിമഹാളിൽ താമസിക്കുന്ന കാലത്ത് കാണുമ്പോഴൊക്കെ അദ്ദേഹം ലാ അക്കാഡമിയെന്ന സ്വപ്നത്തെക്കുറിച്ച് എന്നോടു പറഞ്ഞിട്ടുണ്ട്. എന്തൊരു മണ്ടത്തരമാണിതെന്നായിരുന്നു അന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നത്. ഞാൻ മാത്രമല്ല, അന്ന് അദ്ദേഹവുമായി അടുപ്പമുള്ള മിക്കവരും ലാ അക്കാഡമിയെന്ന ആശയത്തെ അങ്ങനെയാണ് കണ്ടിരുന്നത്. അതിനൊരു കാരണമുണ്ട്. തിരുവനന്തപുരത്തെയും എറണാകുളത്തെയും സർക്കാർ ലാ കോളേജുകളിൽ പോലും പഠിക്കാനാളില്ലാത്ത കാലം. 150 സീറ്റുകൾ വീതം ഇരുകോളേജുകളിലും ഉണ്ടായിരുന്നെങ്കിലും എല്ലാവർഷവും സീറ്റുകൾ ഒഴിഞ്ഞു കിടന്നു. അത്തരമൊരു കാലഘട്ടത്തിൽ അക്കാഡമിയെന്ന ആശയത്തെ മണ്ടത്തരമെന്നല്ലാതെ എന്താണ് പറയുക. എന്നാൽ നാരായണൻ നായർക്ക് വെറുമൊരു ആശയം മാത്രമായിരുന്നില്ല അക്കാഡമി. നിയമപഠനരംഗത്തെ അദ്ദേഹത്തിന്റെ ദീർഘവീക്ഷണമായിരുന്നന്നു അത്. അക്കാഡമി തുടങ്ങുന്നതിന് നാരായണൻ നായർ നടത്തിയ പ്രയത്നങ്ങൾ ചരിത്രമാണ്. വലിയ സാമ്പത്തികമൊന്നും കൈയിലുണ്ടായിരുന്നില്ല. എന്നിട്ടും സ്വന്തം നിലയിലുണ്ടായിരുന്ന പണവും ചിലരിൽ നിന്ന് പിരിച്ചെടുത്ത പണവും വിനിയോഗിച്ചാണ് അക്കാഡമിയെന്ന സ്വപ്നത്തിന് തുടക്കം കുറിച്ചത്. സർക്കാരിൽ നിന്ന് ലീസിനെടുത്ത സ്ഥലത്താണ് അക്കാഡമി സ്ഥാപിച്ചത്. നിയമം പഠിക്കാൻ ആളെ കിട്ടാനില്ലാത്തൊരു കാലത്ത് ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിനെ മണ്ടത്തരമായി ഞാനുൾപ്പെടെയുള്ളവർ കണ്ടെങ്കിലും യാഥാർത്ഥ്യം അതല്ലെന്ന് ചരിത്രം തെളിയിച്ചു. നാരായണൻ നായരുടെ പ്രയത്നവും കഷ്ടപ്പാടുകളുമാണ് ലാ അക്കാഡമിയെന്ന സ്ഥാപനത്തെ കേരളത്തിന്റെ അഭിമാനമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റിയത്. ഇന്നിപ്പോൾ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരടക്കം എത്രയോ മഹത് വ്യക്തികൾ ഇൗ സ്ഥാപനത്തിൽ പഠിച്ചവരാണ്. കേരളത്തിലെ നിയമപഠന രംഗത്ത് തന്റേതായ വഴി തെളിച്ച നാരായണൻ നായരെ ആദരവോടെയാണ് സമൂഹം ഒാർക്കുന്നത്. അക്കാഡമി തുടങ്ങിയ അദ്ദേഹം പ്രവേശനത്തിനായി പണം വാങ്ങിയിരുന്നില്ല. എത്രയോ വലിയ ധനികനായി മാറാൻ കഴിയുമായിരുന്നെങ്കിലും അക്കാഡമിയെന്ന സ്വപ്നത്തെക്കാൾ വലുതായി പണത്തെ അദ്ദേഹം കണ്ടില്ല. അക്കാഡമിയിൽ പ്രവേശനത്തിന് ഉന്നതരും അല്ലാത്തവരുമായി എത്രയോ പേർ ശുപാർശയുമായി എത്തിയിരുന്നു. ആരെയും അദ്ദേഹം നിരാശരാക്കിയിരുന്നില്ല. സാധാരണക്കാർക്ക് നിയമപഠനത്തിനു വഴിയൊരുക്കിയ വലിയ ആശയമാണ് ലാ അക്കാഡമി. ദീർഘ വീക്ഷണമുള്ള വ്യക്തിയെന്നതിനൊപ്പം നല്ല മനുഷ്യനുമായിരുന്നു അദ്ദേഹം. സൗഹൃദങ്ങൾക്ക് ഏറെ വില കല്പിച്ച ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായത്.

( ലേഖകൻ സംസ്ഥാന അഡ്വക്കേറ്റ് ജനറലാണ് )